മുളിയാര്‍ എ.ബി.സി കേന്ദ്രം; പിടികൂടുന്ന തെരുവുനായകളുടെ എണ്ണം കുറയ്ക്കും

Update: 2025-09-26 08:47 GMT

കാസര്‍കോട്: തെരുവുനായകളുടെ വര്‍ധനവ് നിയന്ത്രിക്കാനായി മുളിയാറില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.സി കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി കൂടുതല്‍ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. നായകളുടെ കരച്ചില്‍ പ്രദേശവാസികള്‍ക്ക് ശല്യമാകുന്നത് തടയാന്‍ പിടികൂടുന്ന നായകളുടെ എണ്ണം കുറക്കും. നിലവില്‍ ഒരു ദിവസം 20 തെരുവുനായകളെയാണ് തദ്ദേശ സ്ഥാപന പരിധിയിൽ  നിന്ന് പിടികൂടുന്നത്. ഇത് പത്തില്‍ താഴെയാക്കാനാണ് തീരുമാനം. ഇതിലൂടെ നായകളുടെ കരച്ചില്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. കേന്ദ്രത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാകുന്നത് നേരത്തെ തന്നെ പരിഹരിച്ചുകഴിഞ്ഞുവെന്നും അധികൃതര്‍ പറഞ്ഞു.

നായകളുടെ ശബ്ദം, ദുര്‍ഗന്ധവും ഉണ്ടാവുന്നു എന്ന് കാണിച്ചാണ് നാട്ടുകാര്‍ പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് താത്കാലികമായി അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നരക്കോടിയിലധികം മുടക്കി സംസ്ഥാനത്തിന് തന്നെ മാതൃകയാക്കി നടപ്പാക്കിയ പദ്ധതി ധൃതി പിടിച്ച് താത്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ മൃഗസംരക്ഷണ വകുപ്പിന് എതിര്‍പ്പുള്ളതായാണ് റിപ്പോര്‍ട്ട്. നായകളെ പാര്‍പ്പിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്താനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മൃഗക്ഷേമ ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും വിരുദ്ധമാണെന്നും പ്രായോഗികമല്ലെന്നുമാണ് ആക്ഷേപം.

വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് യോഗം വിളിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒഴിവില്ലാത്തതിനാല്‍ യോഗം മാറ്റിവെക്കുകയായിരുന്നു. മെയ് 19നാണ് മുളിയാറില്‍ എ.ബി.സി കേന്ദ്രം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടാണ് മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭ്യമായത്. കഴിഞ്ഞ മാസം അവസാന വാരത്തിലാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.

Similar News