മുളിയാര്‍ എ.ബി.സി കേന്ദ്രം: മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ തിരിച്ചടിയാവുമോ എന്ന് ആശങ്ക

Update: 2025-09-23 09:51 GMT

കാസര്‍കോട്: തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കാന്‍ മുളിയാറില്‍ തുടങ്ങിയ എ.ബി.സി കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ട സാഹചര്യത്തില്‍ താത്കാലികമായി അടച്ചുപൂട്ടാനും നായകളുടെ ഷെല്‍ട്ടറുകള്‍ മറ്റൊരിടത്ത് സ്ഥാപിക്കാനുമുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാവുമോ എന്ന് ആശങ്ക. കഴിഞ്ഞ ദിവസം മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ എ.ബി.സി കേന്ദ്രം താത്കാലികമായി അടച്ചുപൂട്ടാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. ഒപ്പം എ.ബി.സി കേന്ദ്രത്തിനോട് ചേര്‍ന്ന് നിര്‍മിച്ച് നായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ മറ്റൊരിടത്ത് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്തി സ്ഥാപിക്കാനുമായിരുന്നു തീരുമാനം. എ.ബി.സി കേന്ദ്രത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് നീക്കിവെച്ച 40 ലക്ഷം രൂപ ഇതിന് വിനിയോഗിക്കാനും യോഗത്തില്‍ ധാരണയായി. എന്നാല്‍ യോഗത്തില്‍ പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്ന നിര്‍വഹണോദ്യോഗസ്ഥനായ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥര്‍ ആരും പങ്കെടുത്തിരുന്നില്ല. യോഗത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ല.

കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം നായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ മറ്റൊരിടത്തും വന്ധ്യംകരണ നടപടികള്‍ മറ്റൊരിടത്തും നടത്താനാവുമോ എന്നതാണ് ആശങ്ക. എല്ലാത്തിനുമുപരി മറ്റൊരു സ്ഥലം കണ്ടെത്തി ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചാലും ബോര്‍ഡിന്റെ അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തനം തുടരാനാവില്ല. 1.56 കോടി രൂപ മുടക്കി പണിത നിലവിലെ എ.ബി.സി കേന്ദ്രത്തിന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി കിട്ടാന്‍ തന്നെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മെയ് 19ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തെങ്കിലും കേന്ദ്ര സംഘം എത്തിയത് ഓഗസ്റ്റിലായിരുന്നു. ഓഗസ്റ്റ് 23നാണ് പ്രവര്‍ത്തനം തുടങ്ങാനായത്. കൃത്യമായ ആസൂത്രണമില്ലാതെ നടപ്പാക്കിയ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. നായ്ക്കളുടെ നിര്‍്ത്താതെയുള്ള കുരയും ദുര്‍ഗന്ധവും കാരണമാണ് നാട്ടുകാര്‍ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയത്. നാട്ടുകാരുടെ പരാതി പരിഗണിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും തിരിച്ചടിയായേക്കുമെന്ന് മുന്നില്‍കണ്ടു കൊണ്ടാണ് ജില്ലാ പഞ്ചായത്തിന്റെ തിടുക്കപ്പെട്ടുള്ള തീരുമാനമെന്നാണ് ആരോപണം.

25ന് വീണ്ടും യോഗം ചേരും

മുളിയാറിലെ എ.ബി.സി കേന്ദ്രം താത്കാലികമായി അടച്ച് പൂട്ടുന്നതും നായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍്ട്ടറുകള്‍ പണിയാന്‍ മറ്റൊരു സ്ഥലം കണ്ടെത്താനുമുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ചര്‍ച്ച ചെയ്യാന്‍ 25ന് വീണ്ടും യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികള്‍, എ.ബി.സി കേന്ദ്രം നടത്തിപ്പുകാര്‍, നിര്‍വഹണോദ്യോഗസ്ഥന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്തംബര്‍ 23 വരെ തെരുവുനായകളെ പിടികൂടാനും 30 വരെ വന്ധ്യംകരണം ശസ്ത്രക്രിയ തുടരാനുമാണ് നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.

Similar News