മുളിയാര്‍ എ.ബി.സി കേന്ദ്രം; 186 തെരുവുനായകളെ പിടികൂടി: മറ്റ് രണ്ട് എ.ബി.സി കേന്ദ്രങ്ങളും അടഞ്ഞുതന്നെ

Update: 2025-09-18 10:57 GMT

കാസര്‍കോട്: ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിനായി മുളിയാറില്‍ തുടങ്ങിയ എ.ബി.സി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രത്തില്‍, മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷം ഇതുവരെ 115 തെരുവുനായകളെ വന്ധ്യംകരണത്തിന് വിധേയമാക്കി. പെരിയ, മടിക്കൈ, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളിലെ തെരുവുനായകളെയാണ് ആദ്യഘട്ടത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നത്. 186 നായകളെ ഇതുവരെ പിടികൂടിക്കഴിഞ്ഞു.

ജില്ലയില്‍ തെരുവുനായകള്‍ കൂടുതലുള്ള ഹോട്സ്പോട്ടുകള്‍ കണ്ടെത്താന്‍ നേരത്തേ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചിരുന്നു. വലിയപറമ്പ, മഞ്ചേശ്വരം, ഉദുമ, മുള്ളേരിയ ഗ്രാമ പഞ്ചായത്തുകളാണ് ഇതുവരെ ഹോട്ട്സ്പോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. 

ഓഗസ്റ്റ് 25നാണ് മുളിയാര്‍ എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ എ.ബി.സി പ്രവര്‍ത്തനം സജീവമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും തെരുവുനായകളെ കണ്ടെത്താനും പിടികൂടാനും വാര്‍ഡ് അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍.കെ സന്തോഷ് ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. മുളിയാര്‍ എ.ബി.സി കേന്ദ്രത്തിനെതിരെ നേരത്തെ മുസ്ലീംലീഗ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാകുന്നത് പരിഹരിച്ചുവെന്നും ജനങ്ങളുടെ പരാതികള്‍ കേട്ട് പരിഹരിക്കുമെന്നും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് സര്‍ജന്‍, ഒരു അനസ്ത്യേഷ്യസ്റ്റ്, നാല് കെയര്‍ ടേക്കേഴ്സ് , മൂന്ന് പട്ടിപിടുത്തക്കാര്‍ എന്നിവരാണ് മുളിയാറിലെ എബിസി കേന്ദ്രത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒരു ദിവസം 20 നായകളെയാണ് ശസ്ത്രക്രിയക്ക് വിധേയരാക്കുന്നത്.

അതേസമയം ജില്ലയില്‍ കാസര്‍കോട് തായലങ്ങാടിയിലും തൃക്കരിപ്പൂരിലുമുണ്ടായിരുന്ന എ.ബി.സി കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രണ്ട് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. രണ്ട് കേന്ദ്രങ്ങളിലും തെരുവുനായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകളാണ് ഒരുക്കേണ്ടത്. മുളിയാറിലെ എ.ബി.സി കേന്ദ്രത്തിന് അനുമതി ലഭിച്ചാല്‍ പിന്നാലെ രണ്ട് കേന്ദ്രങ്ങള്‍ക്കും ഉടന്‍ അനുമതി ലഭിക്കുമെന്ന് മൃസംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും നടപടികളായില്ല.

Similar News