കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്‌സുകള്‍ക്ക് തുടക്കം; മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ജില്ലയുടെ വികസനത്തിന് രാഷ്ട്രീയഭേദമില്ലെന്നും പ്രതിക്ഷവും ഭരണപക്ഷവും ഒരുമിച്ച് കൈകോര്‍ത്താണ് കാസര്‍കോടിന്റെ വികസനത്തിന് കൈകോര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു;
കാസര്‍കോട്: ജില്ലയുടെ ആരോഗ്യ മേഖലയുടെ സ്വപ്‌നങ്ങള്‍ക്ക് പുതുപ്രതീക്ഷകളേകി കാസര്‍കോട് ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്‌സിന് തുടക്കം. എം.ബി.ബി.എസ് ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വികസനത്തിന് രാഷ്ട്രീയഭേദമില്ലെന്നും പ്രതിക്ഷവും ഭരണപക്ഷവും ഒരുമിച്ച് കൈകോര്‍ത്താണ് കാസര്‍കോഡിന്റെ വികസനത്തിന് കൈകോര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കൊളേജില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കും. ഒക്കുപേഷണല്‍ തെറാപ്പി ഉള്‍പ്പെടെയുള്ള തുടങ്ങും. ഇതിനായികാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് തുക ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
50 സീറ്റുകളാണ് കോളേജില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 40 സീറ്റിലേക്ക് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. 30 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന ബാച്ചില്‍ അഖിലേന്ത്യാ റാങ്ക് പട്ടികയില്‍ നിന്ന് 7 പേരും സംസ്ഥാന പട്ടികയില്‍ നിന്ന് 33 പേരും ആദ്യ ബാച്ചിലേക്ക് പ്രവേശനം നേടി. കാസര്‍കോട് ജില്ലയില്‍ നിന്ന് പാണത്തൂര്‍ സ്വദേശി ആഷിക രാജ് മാത്രമാണ് ആദ്യബാച്ചിലുള്ളത്. രാജസ്ഥാനിലെ ഗുര്‍വീന്ദര്‍ സിംഗാണ് ആദ്യ പ്രവേശനം നേടിയത്. ഗുര്‍വീന്ദര്‍ സിംഗും ലക്ഷദ്വീപില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് കേരളത്തിന് പുറത്ത് നിന്ന് പ്രവേശനം നേടിയത്. ഒഴിവുള്ള പത്ത് സീറ്റിലേക്കുള്ള പ്രവേശന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
സെപ്തംബര്‍ രണ്ടിനാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ 50 എം.ബി.ബി.എസ് സീറ്റുകളും ലഭിച്ചു. മെഡിക്കല്‍ കോളേജായി ഉയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ എത്തുന്നതോടെ ജില്ലയിലെ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും . നാല് ബ്ലോ്ക്കുകളിലായി 500 കിടക്കകളുടെ സൗകര്യമുള്ള ആസ്പത്രി കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കാനുണ്ട്. നിലവില്‍ ചെര്‍ക്കളയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.