പുല്ലൂര്‍ കൊടവലത്തെ കുളത്തില്‍ നിന്ന് പിടികൂടിയ പുലിയെ തൃശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി
ബുധനാഴ്ച രാവിലെ മൃഗശാലയിലെത്തിച്ച ശേഷം പുലിയെ വിദഗ്ധ ചികില്‍സക്കായി മൃഗശാലയോടനുബന്ധിച്ചുള്ള ആസ്പത്രിയിലേക്ക് മാറ്റി;
കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പുല്ലൂര്‍ കൊടവലത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലുള്ള കുളത്തില്‍ നിന്ന് പിടികൂടിയ ഒരു വയസ് പ്രായമുള്ള പുലിയെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്ന് തൃശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസിന് പിറകിലെ കെട്ടിടത്തിന് സമീപം കൂട്ടില്‍ സൂക്ഷിച്ച പുലിയെ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ പ്രത്യേക വാഹനത്തിലാണ് തൃശൂരിലേക്ക് കൊണ്ടുപോയത്.
ബുധനാഴ്ച രാവിലെ മൃഗശാലയിലെത്തിച്ച ശേഷം പുലിയെ വിദഗ്ധ ചികില്‍സക്കായി മൃഗശാലയോടനുബന്ധിച്ചുള്ള ആസ്പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് കൊടവലത്തെ നീരളം കൈയിലെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലിയെ കണ്ടത്. വനംവകുപ്പധികൃതര്‍ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അന്ന് രാത്രി 9.35 മണിയോടെ പുലിയെ കുളത്തില്‍ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ ശേഷം കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പരിശോധനയില്‍ പുലിയുടെ കൈവിരലുകളിലെ നഖങ്ങള്‍ അറ്റുപോയതായും ദേഹത്ത് ചില ഭാഗങ്ങളില്‍ പരിക്കുള്ളതായും കണ്ടെത്തി. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച രാത്രി വൈകും വരെ പുലിയെ ഫോറസ്റ്റ് ഓഫീസില്‍ പാര്‍പ്പിക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശൂരിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.