പ്രേതാലയം പോലൊരു വീട്; രാത്രി സാമൂഹ്യ ദ്രോഹികളുടെ താവളം, നാട്ടുകാര്‍ക്ക് ഭീതി
ചട്ടഞ്ചാല്‍ 55ാം മൈല്‍ തെക്കില്‍ പറമ്പ ഗവ: യു.പി. സ്‌കൂളിനടുത്ത് ദേശീയപാതക്കരികിലുള്ള ഒഴിഞ്ഞ വീടും കാട് മൂടിയ പറമ്പുമാണ് സാമൂഹ്യ ദ്രോഹികളുടെ താവളമാവുന്നത്;
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ 55ാം മൈല്‍ തെക്കില്‍ പറമ്പ ഗവ: യു.പി. സ്‌കൂളിനടുത്ത് ദേശീയപാതക്കരികിലുള്ള ഒഴിഞ്ഞ വീടും കാട് മൂടിയ പറമ്പും സാമൂഹ്യ ദ്രോഹികളുടെ താവളമാവുന്നതായി പരാതി. രാത്രി കാലങ്ങളില്‍ ഈ വീട് താവളമാക്കുന്ന ഒരു സംഘം വിവിധങ്ങളായ ലഹരിയില്‍ ഏര്‍പ്പെടുന്നതായും പലപ്പോഴും സംഘട്ടനം പതിവാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. രാത്രിയില്‍ മദ്രസ വിട്ട് പോകുന്ന വിദ്യാര്‍ത്ഥികളും ഇത് വഴി പോകുന്ന പരിസര വാസികളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
പലപ്പോഴും പകല്‍ സമയങ്ങളിലും സംശയാസ്പദമായി പലരെയും ഈ പറമ്പിനകത്ത് കാണാമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ ആശ്രിതരെ നഷ്ടപ്പെട്ട കുടുംബത്തിന് സ്ഥലം പതിച്ചു നല്‍കി നിര്‍മ്മിച്ചു നല്‍കിയ വീടും പരിസരവുമാണ് കാട് കയറി നശിക്കുന്നത്.
മുമ്പ് വീട്ടുകാരെത്തി വീടും പരിസരവും ശുചീകരിച്ച് മടങ്ങിയിരുന്നെങ്കിലും അടുത്ത കാലത്തായി അതില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശ വാസികളുടെ ഭീതി അകറ്റാനുള്ള അടിയന്തര നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.