ജില്ലാ സ്‌കൂള്‍ കലോത്സവ തിയതികളില്‍ വീണ്ടും മാറ്റം; സ്റ്റേജിതര മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിനും മൂന്നിനും
സ്റ്റേജ് മത്സരങ്ങള്‍ ക്രിസ്മസ് അവധിക്കാലമായ 29, 30, 31 തീയതികളിലും നടക്കും;
കാസര്‍കോട്: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ നടക്കേണ്ട ജില്ലാ സ്‌കൂള്‍ കലോത്സവ തീയതി വീണ്ടും മാറ്റി. ജനുവരിയില്‍ നടക്കേണ്ട മത്സരങ്ങള്‍ ഡിസംബറില്‍ തന്നെ നടത്തുംവിധമാണ് മത്സരങ്ങള്‍ പുനഃക്രമീകരിച്ചത്. സ്റ്റേജിതര മത്സരങ്ങള്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലും സ്റ്റേജ് മത്സരങ്ങള്‍ ക്രിസ്മസ് അവധിക്കാലമായ 29, 30, 31 തീയതികളിലും നടക്കും. ജനുവരി അഞ്ചുമുതല്‍ ഏഴുവരെ നടക്കേണ്ടിയിരുന്ന സ്റ്റേജ് മത്സരങ്ങളുടെ തീയതിയാണ് മാറ്റിയത്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി.മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും അധ്യാപക സംഘടനാ പ്രതിനിധികളുടെയും യോഗമാണ് കലോത്സവ തീയതി മാറ്റാന്‍ തീരുമാനിച്ചത്. 31-നകം ജില്ലാ കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് തീയതി മാറ്റുന്നത് സംബന്ധിച്ച യോഗം ചേര്‍ന്നത്. ക്രിസ്മസ് അവധിക്കാലത്തെ എന്‍.എസ്.എസിന്റെ സഹവാസ ക്യാമ്പ് ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കലോത്സവത്തില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമൊരുക്കുമെന്നും ഡിഡിഇ അറിയിച്ചു. കലോത്സവത്തിന്റെ സമാപനവേദിയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡിഡിഇക്ക് യാത്രയയപ്പും നല്‍കും.