കെ.സി.സി.പി.എല്‍ ന്റെ ജില്ലയിലെ ആദ്യ പെട്രോള്‍ പമ്പ് കരിന്തളത്ത്; 27ന് തുറക്കും

Update: 2025-09-12 09:30 GMT

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എല്ലിന്റെ (കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ്) സംസ്ഥാനത്തെ നാലാമത്തെയും ജില്ലയിലെ ആദ്യത്തേതുമായ  പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കത്ത് ഈ മാസം 27ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കമ്പനിയുടെ വിവിധ വൈവിധ്യവല്‍ക്കരണ പദ്ധതികളിലൊന്നാണ് പെട്രോള്‍ ഔട്‌ലെറ്റുകള്‍. നേരത്തേ ആരംഭിച്ച മൂന്ന് പെട്രാള്‍ പമ്പുകളുടെ വിജയവും പരിചയവുമായാണ് നാലാമത്തെ പെട്രോള്‍ പമ്പിലേക്ക് കമ്പനിയെ നയിച്ചത്. പാദേശിക ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമായ നല്ല സേവനം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ മായി സഹകരിച്ചാണ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പെട്രോള്‍ - ഡീസല്‍ വില്‍പ്പനക്ക് പുറമേ ഓയില്‍ ചെയ്ഞ്ച്, ഫ്രീ എയര്‍ സര്‍വ്വീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലെ വില്‍പ്പനയില്‍ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് പാപ്പിനിശ്ശേരി യൂണിറ്റ് നേടിയിട്ടുണ്ട്. കൂടാതെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സ്റ്റാള്‍ ആരംഭിക്കുവാനും കമ്പനിക്ക് പദ്ധതിയുണ്ട്. കലര്‍പ്പിലാത്തതും നല്ല സര്‍വ്വീസും എന്നതാണ് 'കമ്പനിയുടെ മുഖമുദ്ര. വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും കമ്പനിക്ക് കഴിഞ്ഞു. എല്ലാ പെട്രോള്‍ പമ്പിനോടും ചേര്‍ന്ന് റിഫ്രഷ്‌മെന്റ് സെന്റര്‍, സ്റ്റോര്‍ എന്നീ സൗകര്യങ്ങളും ഒരുക്കും .ഈ സാമ്പത്തിക വര്‍ഷം തന്നെ പാലക്കാട് കഞ്ചിക്കോട് കാന്‍ഫ്ര പാര്‍ക്കില്‍ അഞ്ചാമത്തെ പെട്രോള്‍ പമ്പ് ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടര്‍ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു.

Similar News