മൂന്ന് നാള്‍ കാസര്‍കോട് ഉബൈദ് ഓര്‍മ്മകളില്‍ നിറയും; അനുസ്മരണവും പുസ്തക പ്രകാശനവും നാളെ

Update: 2025-09-30 10:10 GMT

കാസര്‍കോട്: അത്യുത്തര കേരളത്തിന് അക്ഷര വെളിച്ചം പകര്‍ന്നും വിദ്യഭ്യാസ മുന്നേറ്റത്തിലേക്ക് സമൂഹത്തെ കൈപിടിച്ച് നടത്തിയും കുരുന്നുകളുടെ ഹൃദയങ്ങളിലേക്ക് അക്ഷരമധുരം വിതറിയും ഈ നാടിന്റെ വിളക്കായി ജീവിച്ച കവി ടി. ഉബൈദ് മാഷിന്റെ വേര്‍പാട് 53-ാം വാര്‍ഷിക ദിനം ഒക്ടോബര്‍ 3ന്. ഇനിയുള്ള 3 നാളുകള്‍ കാസര്‍കോട് ഉബൈദ് ഓര്‍മ്മകളില്‍ നിറയും.

കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെയും ഉത്തരദേശം പബ്ലിഷേഴ്സിന്റെയും ആഭിമുഖ്യത്തില്‍ നാളെ 3 മണിക്ക് കാസര്‍കോട് സിറ്റിടവര്‍ ഹാളില്‍ ടി. ഉബൈദ് അനുസ്മരണവും അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെ മൂന്നാമത്തെ പുസ്തകമായ 'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതയിലും' പ്രകാശനവും നടക്കും.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗവേഷകനും ടി.വി. റിയാലിറ്റി ഷോ വിധികര്‍ത്താവുമായ ഫൈസല്‍ എളേറ്റില്‍ ടി. ഉബൈദ് അനുസ്മരണവും പുസ്തക പ്രകാശനവും നിര്‍വ്വഹിക്കും. പ്രഭാഷകന്‍ ഡോ. അസീസ് തരുവണ പുസ്തകം ഏറ്റുവാങ്ങും. കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രം വൈസ് പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംസാരിക്കും.

ഒക്ടോബര്‍ 3നും 4നും കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഉബൈദിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ് അക്ഷര വെളിച്ചം എന്ന പേരില്‍ സര്‍ഗ്ഗ യാത്ര സംഘടിപ്പിക്കും. 3ന് വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിക്ക് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്രയാണം ആരംഭിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കവി പി.എസ്. ഹമീദ് അധ്യക്ഷത വഹിക്കും. നിരൂപകനും പ്രഭാഷകനുമായ റഫീക് ഇബ്രാഹിം അനുസ്മരണ പ്രഭാഷണം നടത്തും. അന്ന് വൈകിട്ട് പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും. നാലിന് രാവിലെ 9 മണിക്ക് പുലിക്കുന്നില്‍ നിന്ന് പുനരാരംഭിക്കും. 10.30ന് ചെമ്മനാട്, 11.30ന് പരവനടുക്കം, 12.30ന് വിദ്യാനഗര്‍, 2 മണിക്ക് ചൗക്കി, 3 മണിക്ക് ആരിക്കാടി, 4 മണിക്ക് കുമ്പള എന്നിവിടങ്ങളില്‍ പര്യടനം നടത്തി 6 മണിക്ക് മൊഗ്രാലില്‍ സമാപിക്കും. സമാപന സമ്മേളനം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ റഹമാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. ടി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിക്കും. നാടകകൃത്ത് പത്മനാഭന്‍ ബ്ലാത്തൂര്‍ പ്രഭാഷണം നടത്തും. സ്വീകരണ കേന്ദ്രങ്ങളില്‍ ഉബൈദ് രചിച്ച കവിതകളും മാപ്പിളപ്പാട്ടുകളും ആലപിക്കും. സാഹിത്യ വേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി ജാഥാ ക്യാപ്റ്റനും ട്രഷറര്‍ എരിയാല്‍ ഷറീഫ് വൈസ് ക്യാപ്റ്റനുമാണ്.

Similar News