നിയമലംഘനങ്ങള്‍ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍: നടപടിയില്ല

Update: 2025-09-24 09:58 GMT

കാസര്‍കോട്: യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ യാത്രയിലുടനീളം വാതിലടക്കുന്നില്ലെന്നാണ് പരാതി. വാതിലടയാതിരിക്കാന്‍ കെട്ടിവെക്കുന്നതായും ആരോപണമുണ്ട്. നിസ്സാര കുറ്റങ്ങള്‍ക്ക് പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഈ നിയമലംഘനത്തിനെതിരെ കണ്ണടയ്ക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി.

കാസര്‍കോട്- മംഗളൂരു റൂട്ടില്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ അശ്രദ്ധയോടെയും അമിചതവേഗതയിലുമാണ് സര്‍വീസ് നടത്തുന്നതെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അമിതവേഗതയ്‌ക്കൊപ്പം വാതില്‍ കൂടി തുറന്നുവെച്ചാവുമ്പോള്‍ അപകടഭീതി വര്‍ധിപ്പിക്കുന്നു.തലപ്പാടിയില്‍ കഴിഞ്ഞമാസം കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ആറ് പേര്‍ മരിക്കാനിടയായത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ റൂട്ടിലെ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു വെച്ച് സര്‍വീസിന് യോഗ്യമല്ലാത്ത പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അമിതവേഗതക്കോ, അശ്രദ്ധയോടെയുള്ള സര്‍വീസിനോ ഒരു കുറവുമില്ല. അന്വേഷണങ്ങളും പരിശോധനകളും അപകടം നടന്ന ദിവസത്തില്‍ തന്നെ ഒതുങ്ങുകയായിരുന്നു.

ബസുകള്‍ ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുമ്പോള്‍ പൂര്‍ണ്ണ സജ്ജമാണോ എന്ന കാര്യത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കേരളത്തിലെ മറ്റു വാഹനങ്ങള്‍ പരിശോധിക്കാറുണ്ടെങ്കിലും കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളെ ഇത്തരം പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയാണ്. സര്‍വീസ് റോഡിലൂടെ ഓടേണ്ട കേരള-കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസുകള്‍ മത്സര ഓട്ടത്തില്‍ പലപ്പോഴും നിയമം ലംഘിച്ച് ദേശീയപാതയിലൂടെ ഓടുന്നതും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിന്റെ ദുരന്തഫലമായിരുന്നു തലപ്പാടിയിലെ അപകടവും.

Similar News