അതിര്‍ത്തിയാണ്; പക്ഷെ തലപ്പാടിയോട് അവഗണന മാത്രം

Update: 2025-09-25 09:04 GMT

തലപ്പാടി: സംസ്ഥാനത്തിന്റെയും കാസര്‍കോടിന്റെയും അതിര്‍ത്തി പ്രദേശമായ തലപ്പാടിയോടുള്ള അധികൃതരുടെ അവണന മാറ്റമില്ലാതെ തുടരുന്നു. ജില്ല രൂപീകൃതമായത് മുതല്‍ തുടരുന്ന തലപ്പാടിയുടെ വികസന മുരടിപ്പിന് ഇപ്പോഴും കുറവില്ല. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായിട്ടും സര്‍ക്കാരിന്റെ യാതൊരു ഇടപെടലുകളും ഇവിടെ ഉണ്ടാകുന്നില്ല. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തലപ്പാടിയില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം എന്ന ബോര്‍ഡ് അല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. ആകെ പേരിന് മാത്രം ഒരു വഴിയോര വിശ്രമ കേന്ദ്രം മാത്രം.

കര്‍ണാടക-കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളും സ്വകാര്യ ബസ്സുകളുമുള്‍പ്പെടെ ആയിരകണക്കിന് വാഹനങ്ങളാണ് ദിവസേന തലപ്പാടിയിലെത്തുന്നത്. കര്‍ണാടകയില്‍ നിന്ന് തലപ്പാടിയിലേക്ക് വരുന്ന ബസുകള്‍ വേറെയും. തലപ്പാടിയില്‍ ഒരു ബസ് സ്റ്റാന്‍ഡ് വേണമെന്ന ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഇപ്പോഴും ബ്‌സ് സ്റ്റാന്‍ഡിനായി കെട്ടിടം പണിയാന്‍ പോലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. വിശാലമായ ചെമ്മണ്‍ മൈതാനം മാത്രമായി തലപ്പാടിയിലെ ബസ്സ്റ്റാന്റ് ഒതുങ്ങുകയാണ്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. 25 ഓളം ഓട്ടോകള്‍ ഇവിടെയുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ പ്രയത്നഫലമായി നിര്‍മ്മിച്ച ഓട്ടോ സ്റ്റാന്റിലാണ് ഓട്ടോ റിക്ഷകള്‍ നിര്‍ത്തിയിടുന്നത്. പതിറ്റാണ്ടുകളായി ഈ അവഗണന തുടരുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് സാന്നിധ്യമില്ലാത്തതിനാല്‍ മദ്യപന്മാര്‍ക്കും ലഹരി ഉപയോഗിക്കുന്നവര്‍ക്കും രാത്രി കാലങ്ങളില്‍ തലപ്പാടി കേന്ദ്രമാവുകയാണ്.

Similar News