കാസര്‍കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആരംഭിച്ച കനത്ത മഴ ജില്ലയില്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മഴ ഏറെക്കുറെ മാറിയ സാഹചര്യമായിരുന്നു. ഇതിനിടെയാണ് മഴ വീണ്ടും ശക്തമായത്. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ ഓണ വിപണിയും ആശങ്കയിലാണ്. ഓണത്തിന് കഷ്ടിച്ച് ഒരാഴ്ച നിലനില്‍ക്കെ മഴ പെയ്തത് പൊതുജനങ്ങള്‍ക്കും തെരുവുകച്ചവടക്കാര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. ഓണവിപണി സജീവമാവേണ്ട സമയത്ത് മഴ പെയ്തതോടെ പൂക്കളുടെയും പച്ചക്കറികളുടെയും വില്‍പ്പനയ്ക്കും കുറവ് വരും. ഓണത്തിനോടടുത്ത് വിളവെടുക്കാന്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പൂകൃഷിയെയും മഴ ബാധിച്ചു. കാസര്‍കോട് ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഓണത്തിന് ആരംഭിക്കാറുള്ള തെരുവുകച്ചവടത്തിനും കുറവുണ്ടായി. മഴ കനത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യവില്‍പ്പനയിലും ഇടിവുണ്ടായി.
ഓഗസ്റ്റ് മാസത്തില്‍ ഇത് മൂന്നാം തവണയാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. വടക്കന്‍ കേരളത്തിലാണ് വ്യാപകമായി മഴ പെയ്യുന്നത്. ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.