മഞ്ചേശ്വരത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് ശക്തമായ മഴയും ലോറിയുടെ അമിതവേഗതയും

അപകടം നടന്നത് ജോലി ചെയ്തുകൊണ്ടിരിക്കെ;

Update: 2025-07-16 04:21 GMT

മഞ്ചേശ്വരം: രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് ശക്തമായ മഴയും ലോറിയുടെ അമിത വേഗതയും. ദേശീയപാത പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ഗുജറാത്തിലെ രാജുകുമാര്‍ മാത്തൂര്‍(22), ഉത്തര്‍പ്രദേശ് സ്വദേശി ദാമൂര്‍ അമിത്ത് (25) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മഞ്ചേശ്വരം പത്താംമൈലില്‍ ദേശീയപാതയില്‍ നാലുപേര്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട് ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന ലോറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇവര്‍ സാമഗ്രികള്‍ കൊണ്ടുവന്ന വാഹനത്തില്‍ ഇടിച്ചതിന് ശേഷമാണ് ലോറി നിന്നത്.

ശക്തമായ മഴയില്‍ ലോറിയുടെ ചില്ലില്‍ മഴ വെള്ളം വീണത് കാരണം ശരിയായ രീതിയില്‍ റോഡ് കാണാന്‍ പറ്റിയില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. മഴക്ക് പുറമെ ലോറിയുടെ അമിത വേഗതയാണ് രണ്ട് പേരുടെ മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ചേശ്വരം പൊലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. ഉച്ചയോടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Similar News