ദേലംപാടിയുടെ കാര്യത്തില്‍ വമ്പ് പറയാനാവാതെ മുന്നണികള്‍
എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി തുണക്കുന്ന ഡിവിഷനാണിത്;
കാസര്‍കോട്: ദേലംപാടി ഡിവിഷന്‍ ആരെ തുണക്കുമെന്നത് മുന്‍കൂട്ടി പറയാനാവാത്ത കാര്യമാണ്. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി തുണക്കുന്ന ഡിവിഷനാണിത്. ജില്ലാ പഞ്ചായത്ത് പിടിക്കാനുള്ള ത്വരയില്‍ ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമായ ഡിവിഷന്‍. അതിര്‍ത്തികള്‍ മാറിയ ഡിവിഷന്‍ തങ്ങളെ തുണക്കുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ബലാബല പോരിനാണ് ദേലംപാടി സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ പുതിയ ചിത്രം തെളിയുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു.
ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബെള്ളൂര്‍, കുമ്പഡാജെ, ബേഡഡുക്ക പഞ്ചായത്തുകളിലെ 49 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി, ബസ്തി, ബെള്ളൂര്‍, നാട്ടക്കല്‍, കായ്മല, നെട്ടണിഗെ വാര്‍ഡുകളും കുമ്പഡാജെയിലെ ചെറൂണി, ബെളിഞ്ച, ഗാഡിഗുഡ്ഡെ വാര്‍ഡുകളും ഡിവിഷന്റെ ഭാഗമാണ്. കാറഡുക്കയിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍ ഒഴികെയുള്ള 14 വാര്‍ഡുകളും ദേലംപാടിയിലെ മുഴുവന്‍ വാര്‍ഡുകളും ഈ ഡിവിഷനിലാണ്. മുളിയാര്‍ പഞ്ചായത്തിലെ പാണൂര്‍, കാനത്തൂര്‍, ഇരിയണ്ണി, ബേപ്പ്, മുളിയാര്‍, ബോവിക്കാനം, പാത്തനടുക്കം, കോട്ടൂര്‍ വാര്‍ഡുകളും ബേഡഡുക്കയിലെ വട്ടംതട്ടയും ഇതില്‍പ്പെടും. 60,889 വോട്ടര്‍മാരുള്ള ഡിവിഷന്‍.
യു.ഡി.എഫ് കേന്ദ്രമായ മുളിയാറിലെ നല്ലൊരു ഭാഗം പുനര്‍നിര്‍ണ്ണയത്തില്‍ മാറിയത് എല്‍.ഡി.എഫിന് നല്ല പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ പി.ബി. ഷഫീഖ് വിജയിച്ചത് വെറും 263 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഈ ഭൂരിപക്ഷം മറികടക്കാന്‍ നിലവിലെ സാഹചര്യം അനുകൂലമെന്നാണ് ഇടത് നേതൃത്വം പറയുന്നത്. നിലവിലുള്ള വാര്‍ഡുകളില്‍ 25 വാര്‍ഡുകളില്‍ ഭൂരിപക്ഷമുണ്ടെന്നും കണക്കുകളെല്ലാം തങ്ങള്‍ക്ക് അനുകൂലമെന്നുമാണ് എല്‍.ഡി.എഫിന്റെ അവകാശ വാദം.
ഡിവിഷന്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. മുസ്ലിം ലീഗിന്റെ ഏണി ചിഹ്നത്തില്‍ ദളിത് ലീഗ് പ്രവര്‍ത്തകയെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ജനറല്‍ വാര്‍ഡിലെ ഈ തീരുമാനം അനുകൂല ഘടകമായി മാറുമെന്നും ലീഗ് കണക്ക് കൂട്ടുന്നു. സി.പി.എം കേന്ദ്രമായ ദേലംപാടി പഞ്ചായത്തില്‍ പാര്‍ട്ടിക്കുള്ളിലുള്ള ചേരിതിരിവ് അനുകൂല വോട്ടായി മാറുമെന്നും ലീഗ് പ്രതീക്ഷിക്കുന്നു.
ബി.ജെ.പിക്കും ഈ ഡിവിഷനില്‍ നല്ല സ്വാധീനമുണ്ട്. കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ പഞ്ചായത്തുകളില്‍ വോട്ടുകണക്കില്‍ ബി.ജെ.പി മുന്നിലാണ്. ദേലംപാടി പഞ്ചായത്തിലും ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാനാവുമെന്നും ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നു. മഹിളാ അസോസിയേഷന്‍ നേതാവ് ഒ. വത്സലയെയാണ് സി.പി.എം. പോരിനിറക്കിയിട്ടുള്ളത്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.
മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡണ്ടാണ്. തൊഴിലുറപ്പ്, കുടുംബശ്രീ സി.ഡി.എസ് അംഗമായി വര്‍ഷങ്ങളായി പൊതുരംഗത്തുള്ള വത്സലയുടെ പരിചയ സമ്പത്ത് വോട്ടായി മാറുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. 2015-20 കാലയളവില്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നതിന്റെ അനുഭവക്കരുത്തും കൂട്ടിനുണ്ട്. ദളിത് ലീഗ് പ്രവര്‍ത്തക പ്രേമാ അജക്കോടിനെയാണ് ഡിവിഷന്‍ നിലനിര്‍ത്താനായി യു.ഡി.എഫ് മത്സരിപ്പിക്കുന്നത്.
നിലവിലെ അംഗം പി.ബി. ഷഫീഖ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു. പ്രേമ ആദ്യമായാണ് മത്സരിക്കുന്നത്. ഇതിനോടകം മൂന്ന് തവണ ഡിവിഷന്‍ മുഴുവന്‍ സഞ്ചരിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ ഡിവിഷനില്‍ പ്രചരണത്തിന് മുന്നിട്ടിറങ്ങി നേതൃത്വം നല്‍കുന്നു.
ബേബി ജി. മണിയൂരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കാസര്‍കോട് സാരീസിലെ നെയ്ത്തു ജോലിക്കാരിയാണ്. രണ്ട് പഞ്ചായത്തുകളിലെ വ്യക്തമായ മുന്നേറ്റവും മറ്റിടങ്ങളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനവും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞതവണ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ചിരുന്നു. മാറിയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം.