പുല്ലൂര്‍ കൊടവലത്ത് കുളത്തില്‍ വീണ പുലിയെ വനപാലകര്‍ കൂട്ടിലാക്കി

രണ്ട് വയസ് പ്രായമുള്ള പുള്ളിപ്പുലിയാണ് കുടുങ്ങിയത്;

Update: 2025-11-24 05:21 GMT

കാഞ്ഞങ്ങാട് : പുല്ലൂര്‍ കൊടവലത്ത് വീട്ടുവളപ്പിലെ കുളത്തില്‍ വീണ പുലിയെ വനപാലകര്‍ കൂട്ടിലാക്കി. കൊടവലം നീരളം കൈയിലെ മധുവിന്റെ തോട്ടത്തിലുള്ള കുളത്തിലാണ് പുലി വീണത്. കഴിഞ്ഞദിവസം വൈകിട്ട് 4.30മണിയോടെയാണ് പുലിയെ 11കോല്‍ താഴ്ചയുള്ള കുളത്തില്‍ കണ്ടെത്തിയത്. മധുവിന്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും ആണ് ആദ്യം പുലിയെ കണ്ടത്. ഇവര്‍ വീട്ടാവശ്യത്തിനുള്ള വെള്ളത്തിനായി മോട്ടോര്‍ സ്റ്റാര്‍ട്ടാക്കാന്‍ കവുങ്ങിന്‍ തോട്ടത്തില്‍ പോയതായിരുന്നു.

എന്നാല്‍ മോട്ടോര്‍ ഓണ്‍ ചെയ്തിട്ടും വെള്ളം വരാതിരുന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പൈപ്പില്‍ പിടിച്ചു നില്‍ക്കുന്ന നിലയില്‍ പുലിയെ കണ്ടത്. പൈപ്പ് മാന്തിക്കീറിയതിനെ തുടര്‍ന്ന് ചോര്‍ച്ചയുണ്ടായതാണ് വെള്ളം വരാതിരിക്കാന്‍ കാരണമായത്. ഇച്ചിരമ്മയും വിജയയും നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തിയപ്പോള്‍ പുലി കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. നാട്ടുകാര്‍ മരത്തടി ഇട്ടുകൊടുത്തതോടെ പുലി അതില്‍ പിടിച്ചതിനാല്‍ താഴ്ന്നില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തി കുളത്തില്‍ കയര്‍ കെട്ടി താഴ്ത്തിയ കുട്ടയില്‍ പുലി കയറിയിരുന്നു.

പിന്നീട് കൂട് എത്തിച്ച് കുളത്തില്‍ താഴ്ത്തുകയും പുലി അതില്‍ കയറുകയും ചെയ്തതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പുലി കുടുങ്ങിയ കൂട് വടം ഉപയോഗിച്ച് കുളത്തില്‍ നിന്ന് പുറത്തെത്തിച്ച ശേഷം വനംവകുപ്പിന്റെ വാഹനത്തില്‍ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. ഡി.എഫ്.ഒ ജോസ് മാത്യു, കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ രാഹുല്‍, ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍,

സെക്ഷന്‍ ഓഫീസര്‍മാരായ എം.പി രാജു, പി. പ്രവീണ്‍ കുമാര്‍, കെ. രാജു, ആര്‍ ബാബു, ഒ.സുരേന്ദ്രന്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടിയത്. വിശദമായ പരിശോധനക്ക് ശേഷം പുലിയെ കാട്ടില്‍ വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. രണ്ട് വയസ് പ്രായമുള്ള പുള്ളിപ്പുലിയാണ് കുടുങ്ങിയത്. ചികില്‍സ ലഭ്യമാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ആറളത്ത് നിന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ഇല്യാസ് റാവുത്തര്‍ രാത്രി കാഞ്ഞങ്ങാട്ടെത്തിയിരുന്നു. അമ്പലത്തറ എസ്.ഐ എ.പി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും വനംവകുപ്പ് അധികൃതരെ രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു. പുലി കുളത്തില്‍ വീണ വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ ഒഴുകിയെത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. പിന്നീട് വാഹനത്തില്‍ നിന്ന് അനൗണ്‍സ് ചെയ്താണ് ആളുകളെ മാറ്റിയത്.

Similar News