എസ്.ഐ.ആര്‍ ഫോമുകളുടെ ശേഖരണം: വില്ലേജ് ഓഫീസുകളില്‍ രണ്ട് ദിവസത്തെ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കും
നവംബര്‍ 25, 26 തീയതികളിളിലാണ് മെഗാ ക്യാമ്പുകള്‍;
കാസര്‍കോട്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി(Special Intensive Revision (SIR)) ഫോമുകള്‍ ശേഖരിക്കുന്നതിന് നവംബര്‍ 25, 26 തീയതികളില്‍ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് അറിയിച്ചു. ഈ രണ്ട് ദിവസങ്ങളിലും ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാരും(Booth Level Officer-ബിഎല്‍ ഓ) വില്ലേജ് ഓഫീസുകളില്‍ സന്നിഹിതരായിരിക്കും. ബൂത്ത് ലെവല്‍ ഏജന്റുമാരും(Booth Level Agetn) പൊതുജനങ്ങളും പൂരിപ്പിച്ച SIR ഫോമുകള്‍ നേരിട്ട് വില്ലേജ് ഓഫീസില്‍ നല്‍കാവുന്നതാണ്.
വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള ഈ പ്രത്യേക അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ 10,78,256 വോട്ടര്‍മാരില്‍ 98.60 ശതമാനം ആളുകള്‍ക്കും ഫോമുകള്‍ നല്‍കിയിട്ടുണ്ട് ആകെ 10,63,207 എണ്‍റോള്‍മെന്റ് ഫോമുകള്‍ ആണ് വിതരണം ചെയ്തത്. ഇതില്‍ 25 ശതമാനം ഫോം ഡിജിറ്റൈസേഷനും പൂര്‍ത്തിയായി. 2,69,441 വോട്ടര്‍മാരുടെ ഫോമുകള്‍ നവംബര്‍ 24 ന് ഉച്ചയ്ക്ക് 2 മണി വരെ ഡിജിറ്റൈസ് ചെയ്തു. വില്ലേജ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പ് ഫോമുകളുടെ സമാഹരണം കൂടുതല്‍ സുഗമമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.