യുദ്ധ ഭീതിയൊഴിഞ്ഞു; ഇറാനില്‍ നിന്ന് നാട്ടിലെത്തിയ സന്തോഷത്തില്‍ ഫിദയും നസ്‌റയും

സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന ടെഹ് റാനില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയാണ് ഇവരുടെ കോളേജ്.;

Update: 2025-06-25 09:03 GMT

കാസര്‍കോട്: ഇറാന്‍ യുദ്ധമുഖത്തുനിന്നും നാട്ടിലെത്തിയ സന്തോഷത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഫിദയും നസ്റയും. കഴിഞ്ഞ എട്ടുദിവസങ്ങളായി ഭീതിയോടെ കഴിഞ്ഞിരുന്ന ഇവരുടെ മുഖത്ത് ഇപ്പോള്‍ സന്തോഷം മാത്രം. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഇറാനിലെ കെര്‍മാന്‍ യൂണിവേഴ്സിറ്റി ഓഫ് ഹോസ്റ്റലില്‍ ഭയത്തോടെ കഴിഞ്ഞിരുന്ന ഇരുവരും ചൊവ്വാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്.

വിദ്യാനഗര്‍ പ്രിന്‍സ് കോമ്പൗണ്ടിലെ അബ്ദുല്‍ ഹക്കീമിന്റെ മകളായ ഫാത്തിമ ഫിദ ഷിറിനും ആലംപാടി സ്വദേശിനിയായ നസ് റ ഫാത്തിമയും ഇറാന്‍ കെര്‍മാന്‍ യൂണിവേഴ് സിറ്റിയിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനികളാണ്. സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന ടെഹ് റാനില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയാണ് ഇവരുടെ കോളേജ്. ഇരുവരും യൂണിവേഴ്സിറ്റി പ്രതിനിധികളെ ബന്ധപ്പെട്ടുകൊണ്ടിരുന്നു.

സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് പോലും ലഭ്യമല്ലാത്ത ദിനങ്ങളില്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാനാവാത്തതിനാല്‍ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായിരുന്നു. വല്ലപ്പോഴും ഇന്റര്‍നെറ്റ് കിട്ടുന്ന നിമിഷങ്ങളില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്നും പേടിക്കേണ്ടതില്ലെന്നും ഇവര്‍ അറിയിച്ചത് വീട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്നതില്‍ ആശങ്കയുണ്ടായിരുന്നു.

യുദ്ധം ആരംഭിച്ച ഉടന്‍ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. പലതവണ യാത്രയുടെ അറിയിപ്പ് ലഭിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയുണ്ടായി. എപ്പോള്‍ നാട്ടിലേക്ക് മടങ്ങാനാവുമെന്ന ആശങ്കയോടെയായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. നസ് റക്കും ഫിദക്കും പുറമെയുള്ള 10 മലയാളി വിദ്യാര്‍ത്ഥികളും കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയെത്തി.

രാത്രി തന്നെ തളങ്കര മാലിക് ദിനാര്‍ പള്ളിയിലെത്തി സിയാറത്ത് ചെയ്താണ് നസ്റയും ഫിദയും വീട്ടിലേക്ക് മടങ്ങിയത്. നോര്‍ക്ക, ഇന്ത്യന്‍ എംബസി, ഐ.എം.എ തുടങ്ങിയവരുടെയെല്ലാം സഹായമാണ് ഇവരുടെ മടങ്ങി വരവിന് വഴിയൊരുക്കിയത്. സെപ്റ്റംബറില്‍ ക്ലാസ്സ് പുനരാരംഭിക്കുന്നതോടെ തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

Similar News