സ്‌കൂളുകളിലെ കുടിവെള്ളം സുരക്ഷിതമെന്ന് ഉറപ്പാക്കണം: സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്‍

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കമ്മീഷന്‍ പരിശോധന നടത്തി;

Update: 2025-09-13 04:11 GMT

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരിശോധന നടത്തുന്നു

കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളിലെ കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജിനു സക്കറിയ ഉമ്മന്‍ പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം 2013 കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കമ്മീഷന്‍ പരിശോധന നടത്തി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ പരിശോധിക്കുകയും പാചകപ്പുര സന്ദര്‍ശിക്കുകയും ചെയ്തു. ഓഫീസ് പരിസരത്തും പാചകപ്പുരയ്ക്ക് സമീപവും ഭക്ഷ്യ മെനു പ്രദര്‍ശിപ്പിച്ചുണ്ടോയെന്നു പരിശോധിച്ച കമ്മീഷന്‍ സ്‌കൂളിലെ ഭക്ഷണ മുറിയുടെ സൗകര്യങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തി.

മധ്യവേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കുടിവെള്ള ശുദ്ധി ഉറപ്പുവരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. തുടര്‍ന്ന് 106 ആം നമ്പര്‍ തെക്കില്‍ ഫെറി പൊതു വിതരണകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി കെ സ്റ്റോറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.കൃഷ്ണ നായിക്, ജില്ലാ വിദ്യാഭാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ ഇ.പി ഉഷ, ഉപജില്ല വിദ്യാഭാസ ഓഫീസിലെ നൂണ്‍ മീല്‍ ഓഫീസര്‍ സച്ചിന്‍ എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.

Similar News