യോഗ്യരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്നും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കലക്ടര്‍;
കാസര്‍കോട്: എല്ലാ യോഗ്യരായ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍. ഡിസംബര്‍ 11 ന് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേമ്പറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടര്‍.
തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്നും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. 21 വരെ നാമ നിര്‍ദേശ പത്രിക സ്വീകരിക്കും. 22 ന് നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും, 24 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയാണ്. ഡിസംബര്‍ 11 നാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണും.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വരണാധികാരികള്‍ക്ക് തിരഞ്ഞെടുപ്പ് ആദ്യഘട്ട പരിശീലനം നല്‍കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് കമ്മിറ്റിയും മാതൃകാ പെരുമാറ്റച്ചട്ടം മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. വിവിധ നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ ആദ്യഘട്ട പരിശോധന കഴിഞ്ഞു, വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 1370 ബൂത്തുകള്‍ ഉണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പെട്രോളിങ് ഉണ്ടാകും.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ജില്ല മുന്നില്‍: കലക്ടര്‍
78.48 % എന്യൂമറേഷന്‍ ഫോറം വിതരണം നടത്തി ജില്ല സംസ്ഥാനത്ത് ഫോം വിതരണത്തില്‍ മുന്നിലാണ്. മലയോര മേഖലകള്‍ ഉള്‍പ്പെടെ എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലകളിലെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌പെഷ്യല്‍ ടീമിനെ നിയമിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മലയാളത്തിലുള്ള എന്യുമറേഷന്‍ ഫോമുകള്‍ കന്നഡയില്‍ പൂരിപ്പിച്ചാലും സ്വീകരിക്കപ്പെടുമെന്നും വരണാധികാരികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ബി എല്‍ ഒ മാരുടെ ജോലിയെ ബാധിക്കാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.