നവരാത്രി ഉത്സവത്തിന് ജില്ലയില്‍ ഭക്തിസാന്ദ്രമായ തുടക്കം
ഫോട്ടോ (ഇടത്) : നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രം മഹാലക്ഷ്മിപുരത്ത് നടന്ന ചടങ്ങിലേക്കെത്തിയ വിശ്വാസികള്‍
കാസര്‍കോട്: ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ദിനരാത്രങ്ങള്‍ക്ക് തിരിതെളിഞ്ഞു. ഇനിയുള്ള നാളുകള്‍ ഭക്തിസാന്ദ്രമാവും. ജില്ലയിലും വിവിധ ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവങ്ങള്‍ക്ക് തുടക്കമായി. പാലക്കുന്ന് തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ നവരാത്രി ആഘോഷിക്കും. എല്ലാദിവസവും വൈകിട്ട് 6ന് ലളിതാസഹസ്രനാമാര്‍ച്ചനയും അഷ്ടമി, നവമി, വിജയദശമി ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും നടക്കും. 30ന് സന്ധ്യക്ക് ശേഷം ബാര മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന. തുടര്‍ന്ന് ദുര്‍ഗാപൂജയും പ്രസാദവിതരണവും നടക്കും. ഒക്ടോബര്‍ 1ന് രാവിലെ വാഹനപൂജയും സന്ധ്യ മുതല്‍ വെടിത്തറക്കാല്‍ ത്രയംബകേശ്വര ഭജന സമിതിയുടെ ഭജനയും നടക്കും. രാത്രി മഹാപൂജക്ക് ശേഷം കുട്ടികളുടെ സംഗീത നൃത്തനിശ. 2ന് രാവിലെ കൈതപ്രം കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭം. തുടര്‍ന്ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടക്കും.മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാത്രി 9.30ന് മഹാപൂജയും തുടര്‍ന്ന് പ്രസാദ വിതരണവും രാവിലെ 9ന് ലളിതാ സഹസ്രനാമ പാരായണം ഉണ്ടായിരിക്കും. അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30ന് ഏറ്റുമാനൂര്‍ പ്രകാശ് തന്ത്രിയുടെ പ്രഭാഷണം. 27ന് വൈകിട്ട് 6.10ന് മണ്ഡലിപ്പാറ ധര്‍മ്മശാസ്താ ഭജനമന്ദിര സമിതിയുടെ ഭജന.
ഒന്‍പത് രാത്രികള്‍ എന്നര്‍ത്ഥം വരുന്ന നവരാത്രിയില്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. ദുര്‍ഗ്ഗാദേവി അടക്കമുള്ള ദേവതകള്‍ക്ക് പൂജകള്‍ അര്‍പ്പിക്കുന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങ്.നവരാത്രി നന്മയുടെ വിജയത്തെയും ജ്ഞാനത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്ന ഒരു ഉത്സവം കൂടിയാണ്. ഒന്‍പത് ദിവസങ്ങളില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങള്‍ക്കാണ് ആരാധന നടത്തുന്നത്. ഈ വര്‍ഷം നവരാത്രി ആരംഭിച്ച് പത്താം ദിവസം മഹാനവമിയും പതിനൊന്നാം ദിവസം വിജയദശമിയും ആഘോഷിക്കുന്നു.