ടാറ്റാ കോവിഡ് ഗവ.ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍, ഒ.പി ബ്ലോക്കുകള്‍ സജ്ജമാക്കും
നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും;
കാസര്‍കോട്: കോവിഡ് കാലത്ത് താത്കാലികമായി ചട്ടഞ്ചാലില്‍ ആരംഭിച്ച ടാറ്റാ കോവിഡ് ഗവ ആശുപത്രി ഇനി ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെയും നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വഹിക്കും. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച 23.75 കോടി രൂപയുടെ പ്രവൃത്തികളുടെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെ നിര്‍മ്മാണത്തിനായി 2024-25 വര്‍ഷത്തെ എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ച 4.05 കോടി രൂപയുടെ പ്രവൃത്തികളുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. ഹോസ്പിറ്റലില്‍ 50 കിടക്കകളോടു കൂടിയ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച ആശുപത്രി പിന്നീട് ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിനായി ഭരണ ചുമതലയും നിയന്ത്രണവും ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ശ്രമഫലമായാണ് ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രി എന്ന നിലയില്‍ ടാറ്റാ ആശുപത്രിയ്ക്ക് വേണ്ടിയുള്ള അനുമതി നേടിയെടുത്തതെന്ന് സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. ആദ്യഘട്ടത്തില്‍ ആശുപത്രിയുടെ ഭാഗമായ 5.5 ഏക്കര്‍ ഭൂമി ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നതിനും മറ്റു അനുമതികള്‍ക്കുമായി രണ്ടരവര്‍ഷം നീണ്ട പ്രയത്നം വേണ്ടിവന്നെന്നും എം.എല്‍.എ പറഞ്ഞു.