ബേക്കലില്‍ പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

കഴുത്തിനും പുറത്തും സാരമായി പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു;

Update: 2025-08-13 04:53 GMT

ബേക്കല്‍: മൗവ്വലില്‍ പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. മേല്‍പ്പറമ്പ് കൈനോത്ത് സ്വദേശി റമീസി(16)നാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റമീസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. റമീസ് മീത്തല്‍ മൗവ്വലില്‍ റഹ് മാനിയ മസ്ജിദിന് സമീപം സുഹൃത്ത് ആരംഭിക്കുന്ന കാര്‍ ആക്സറീസ് സ്ഥാപനത്തിന്റെ നിര്‍മ്മാണസ്ഥലത്തേക്ക് പോയിരുന്നു.

സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലി റമീസ് ഒരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തിരിച്ചുപോയ ആള്‍ കൂടുതല്‍ പേരുമായെത്തി റമീസിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. വിവരമറിഞ്ഞ് ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് ജീപ്പുകളിലായെത്തിയ പൊലീസ് സംഘം അക്രമികളെ ലാത്തി വീശി ഓടിച്ച് റമീസിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

റമീസിന്റെ കഴുത്തിനും പുറത്തും സാരമായി പരിക്കേറ്റു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റമീസിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അതേ സമയം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കലക്ടറെയും മുഖ്യമന്ത്രിയെയും സമീപിക്കാനാണ് റമീസിന്റെ കുടുംബത്തിന്റെ തീരുമാനം.

Similar News