മുളിയാര്‍ എ.ബി.സി കേന്ദ്രം; കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംഘം 18ന് സന്ദർശിക്കും
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു;
കാസര്‍കോട്: ജില്ലയില്‍ പെരുകുന്ന തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കാനും തെരുവുനായ ആക്രമണത്തിന് തടയിടാനുമായി മുളിയാറില്‍ സജ്ജീകരിച്ച എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ആശങ്ക നീങ്ങുന്നു. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡ് സംഘം ഈ മാസം 18ന് മുളിയാറിലെ എ.ബി.സി കേന്ദ്രം സന്ദര്‍ശിക്കും. സംഘം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം അംഗീകാരം കിട്ടുന്നതിന് പിന്നാലെ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ പ്രതിനിധി, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന്റെ പ്രതിനിധി, സംസ്ഥാന മൃസംരക്ഷണ വകുപ്പിന്റെ പ്രതിനിധി വെറ്ററിനറി സര്‍ജന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് സന്ദര്‍ശിക്കുക. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു.
കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം എല്ലാ സൗകര്യങ്ങളും കേന്ദ്രത്തില്‍ ഒരുക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ് കുമാര്‍ പറഞ്ഞു. പരിശോധന പൂര്‍ത്തീകരിച്ച് ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ തെരുവുനായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സര്‍ജന്‍, ഒരു അനസ്‌തേഷ്യസ്റ്റ്, നാല് കേയര്‍ ടേക്കേഴ്‌സ് , മൂന്ന് പട്ടി പിടുത്തക്കാര്‍ എന്നിവരെ കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ദിവസം 20 നായകളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാനാവും. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസം നായകളെ എ.ബി.സി കേന്ദ്രത്തില്‍ പാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി 100 കൂടുകളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം നായയെ എവിടുന്നാണോ പിടികൂടിയത് അവിടെ തന്നെ തുറന്ന് വിടും.
ഒരു തെരുവുനായയെ വന്ധ്യംകരിക്കാന്‍ 2100 രൂപയാണ് ചിലവ് വരുന്നത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ഫണ്ട് മാറ്റിവെച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരമായിരിക്കും എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് നീക്കിയിരിപ്പ് പ്രകാരം ആകെ 3300 നായകളെ ശസ്ത്രക്രിയ ചെയ്യാനുള്ള നടപടികളാണ് എ.ബി,സി കേന്ദ്രം ആദ്യം ഏറ്റെടുക്കുക. കഴിഞ്ഞ മെയ് 19നാണ് മുളിയാര്‍ എ.ബി.സി കേന്ദ്രം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് 1.56 കോടി രൂപ മുതല്‍മുടക്കിലാണ് മുളിയാറില്‍ എ.ബി.സി കേന്ദ്രം ഒരുക്കിയത്.
അടച്ചുപൂട്ടിയ എ.ബി.സി കേന്ദ്രങ്ങള്‍ തുറക്കും; ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍
കാസര്‍കോട്: കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടച്ചുപൂട്ടിയ ജില്ലയിലെ രണ്ട് എ.ബി.സി കേന്ദ്രങ്ങള്‍ ഉടന്‍ തുറന്നേക്കും. മുളിയാറിലെ എ.ബി.സി കേന്ദ്രത്തിന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരം കിട്ടി പ്രവര്‍ത്തനം തുടങ്ങിയാല്‍ അതിന് പിന്നാലെ തന്നെ തൃക്കരിപ്പൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ എ.ബി.സി കേന്ദ്രങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി.കെ മനോജ് കുമാര്‍ പറഞ്ഞു. നിലവില്‍ തെരുവു നായകളെ പാര്‍പ്പിക്കാനുള്ള കൂടുകളുടെ അഭാവമാണ് രണ്ട് കേന്ദ്രങ്ങളിലും ഉള്ളത്. ബാക്കി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.