അധ്യാപകര്‍ പുതുതലമുറയിലെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കണം; ബാലാവകാശ കമ്മീഷന്‍
ജില്ലയില്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലന പരിപാടി കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: സമകാലിക സാഹചര്യത്തില്‍ പുതുതലമുറയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന ി ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍. കാസര്‍കോട് ജില്ലയില്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ അംഗീകരിച്ച് അവര്‍ക്കൊപ്പമെത്താന്‍ അധ്യാപകര്‍ക്കാകണമെന്നും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ സംഭവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമുള്ള പങ്ക് കൂടി പരിഗണിച്ചാവണം അവരെ സമീപിക്കേണ്ടത്. സ്നേഹത്തോടെയുള്ള പെരുമാറ്റം കുട്ടികളില്‍ വലിയ മാറ്റം വരുത്തുമെന്നും ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കുള്ള ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലന പരിപാടി കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത് ഹാളില്‍ നടന്നു. കമ്മീഷന്റെ ഏകദിന പരിശീലന പരിപാടിയില്‍ എയ്ഡഡ് സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 133 അധ്യാപകര്‍ പങ്കെടുത്തു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി,രവീന്ദ്രനും കുട്ടികളുടെ മാനസിക ആരോഗ്യ വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ് ഡോ.ആല്‍ബിന്‍ എല്‍ദോസും ബാലാവകാശങ്ങളെപ്പറ്റി കമ്മീഷന്‍ അംഗം എഫ്.വിത്സണും ക്ലാസെടുത്തു.
പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ മറ്റു അധ്യാപകരിലേക്കും എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ കുട്ടികളിലേക്കും ബോധവത്കരണം എത്തിക്കുകയാണ് കമ്മീഷന്റെ ഉദ്ദേശം. കൗമാരക്കാരായ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കും. സാമൂഹ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ അവബോധം എന്നിവ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു. ഉപവിദ്യാഭാസ ഡയറക്ടര്‍ ടി.വി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ബാലാവകാശ കമ്മിഷനംഗം മോഹന്‍കുമാര്‍ സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ശോഭ നന്ദിയും പറഞ്ഞു.