ചെമ്മനാട് മഹാവിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഓഫീസ് കുത്തിതുറന്ന് സ്വര്‍ണ്ണരൂപങ്ങളും പണവും കവര്‍ന്നു

ക്ഷേത്രം ചുറ്റമ്പലത്തിനുള്ളിലെ രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് കാണിക്കപ്പണവും മോഷ്ടിച്ചു;

Update: 2025-06-16 04:21 GMT

കാസര്‍കോട്: ചെമ്മനാട് മഹാവിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് എട്ട് സ്വര്‍ണ്ണരൂപങ്ങള്‍ കവര്‍ന്നു. ക്ഷേത്രം ചുറ്റമ്പലത്തിനുള്ളിലെ രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് കാണിക്കപ്പണവും മോഷ്ടിച്ചു. ശ്രീകോവിലിന്റെ പൂട്ടും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് ദേവസ്ഥാനത്ത് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

ശനിയാഴ്ച രാത്രിയാകാം മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഞായറാഴ്ച ദേവസ്ഥാനത്തിന് സമീപം കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് ദേവസ്ഥാനത്തിന്റെ ഓഫീസ് മുറി കുത്തിതുറന്ന നിലയില്‍ കണ്ടത്. കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവസ്ഥാനം ഭാരവാഹികളെത്തി പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയിലെ അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന എട്ട് സ്വര്‍ണ്ണരൂപങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്.

മെയ് 27ന് ഭരണസമിതി യോഗം കഴിഞ്ഞതിന് ശേഷം ദേവസ്ഥാനം ഓഫീസ് അടച്ചതായിരുന്നു. അതിന് ശേഷമുള്ള കാണിക്കപ്പണമാണ് മോഷണം പോയത്. രണ്ട് ഓഫീസ് മുറികളാണ് ദേവസ്ഥാനത്തിനുള്ളത്. രണ്ട് മുറികളുടെയും പൂട്ടും അലമാരയും തകര്‍ത്തിട്ടുണ്ട്. മൊത്തം 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.ദേവസ്ഥാനം പ്രസിഡണ്ട് കാട്ടാമ്പള്ളിയിലെ ടി.ഗംഗാധരന്‍ നായരുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.

Similar News