ചട്ടഞ്ചാലിലെ ഹോട്ടലുടമയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്
പയ്യന്നൂര്‍ പൊറക്കുന്നിലെ തവിടിശേരി ശ്രീജിത്ത് എന്ന ഷാജിക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) കോടതി ശിക്ഷ വിധിച്ചത്;
കാസര്‍കോട്: ചട്ടഞ്ചാലിലെ ഹോട്ടലുടമയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് കോടതി ഏഴുവര്‍ഷം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. പയ്യന്നൂര്‍ പൊറക്കുന്നിലെ തവിടിശേരി ശ്രീജിത്ത് എന്ന ഷാജിക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധികതടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ചട്ടഞ്ചാല്‍ ടൗണിലെ വിഘ് നേശ്വര ഹോട്ടലുടമ കെ.എം ഗോപാലനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഷാജി. 2021 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലില്‍ പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ഗോപാലന്റെ കഴുത്തില്‍ ഷാജി കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലന്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു.
സംഭവത്തില്‍ ഷാജിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ഷാജി ഗോപാലനോട് പണം കടം ചോദിച്ചിരുന്നു. പണം നല്‍കാത്തതിലുള്ള വിരോധത്തിലാണ് അക്രമം നടത്തിയത് എന്നാണ് കേസ്. അന്നത്തെ മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എം.പി പത്മനാഭനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എസ്.ഐ വി കുഞ്ഞിക്കണ്ണനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി സതീശന്‍, അഡ്വ. അമ്പിളി എന്നിവര്‍ ഹാജരായി.