ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഒക്ടോബര്‍ 12ന്: ആദ്യലീഗിനെ വരവേല്‍ക്കാനൊരുങ്ങി കോട്ടപ്പുറം
ഫയൽ
നീലേശ്വരം: ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തിയ ശേഷം തേജസ്വിനിയുടെ ഓളങ്ങളില്‍ നടക്കുന്ന ആദ്യ ജലോത്സവത്തിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കഴിഞ്ഞ ദിവസം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിനു സമീപം നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.
വടക്കന്‍ കേരളത്തില്‍ ചാലിയാര്‍ പുഴയിലും ധര്‍മ്മടത്തും ചെറുവത്തൂരിലും മാത്രമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.അരനൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുള്ള മലബാറിലെ ആദ്യത്തെ വള്ളംകളി എന്ന പ്രത്യേകതയുമുള്ള ഉത്തരമലബാര്‍ ജലോത്സവത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തിയതോടെ വള്ളംകളി നല്‍കുന്ന ആവേശത്തിനപ്പുറം അനന്തമായ ടൂറിസം സാധ്യത കൂടി തുറക്കപ്പെട്ടിരിക്കുകയാണ്.
1970 മുതല്‍ നടന്നുവരുന്ന വള്ളംകളി ആദ്യകാലത്ത് തിരുവോണനാളിലും പിന്നീട് ഗാന്ധിജയന്തി ദിവസത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളുടെ തോണിയില്‍ പുരുഷന്മാര്‍ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന വള്ളംകളിയില്‍ നിന്ന് ചുരുളന്‍ വള്ളങ്ങളിലേക്കും 15,25 പേരുടങ്ങുന്ന ടീമുകളിലേക്കും, പുരുഷന്മാരോടൊപ്പം വനിതകളും പങ്കെടുക്കുന്ന ആവേശപൂര്‍വ്വമായ വള്ളംകളിയുടെ പരിണാമഘട്ടത്തിലെ നിര്‍ണായകമായ ചുവടുവെപ്പാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താനുള്ള ടൂറിസം വകുപ്പിന്റെയും സര്‍ക്കാറിന്റെയും തീരുമാനം.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘാടക സമിതി രൂപീകരണ യോഗം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു