ആരിക്കാടി ടോള്‍ ഗേറ്റ്; കര്‍മസമിതി ഇന്ന് യോഗം ചേരും; ഹര്‍ജി നാളെ കോടതി പരിഗണിക്കും
കുമ്പള: ദേശീയപാത 66ല്‍ ആരിക്കാടിയില്‍ നിര്‍മിക്കുന്ന ടോള്‍ഗേറ്റിനെതിരെ കര്‍മ സമിതി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. സെപ്തംബര്‍ 23ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി ജഡ്ജി അവധിയിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. സെപ്തംബര്‍ 9ന് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ നിലവിലെ സ്ഥിതി അറിയിക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട നിജസ്ഥിതി ബോധ്യ പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഭാവിസമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ആരിക്കാടി ടോള്‍ ഗേറ്റ് വിരുദ്ധ കര്‍മ സമിതി ഇന്ന്് വൈകീട്ട് യോഗം ചേരും. യോഗത്തില്‍ എ.കെ.എം അഷ്‌റഫ് പങ്കെടുക്കും. ഹൈക്കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കര്‍മസമിതി. വിധി ടോള്‍ ഗേറ്റ് നിര്‍മാണക്കമ്പനിക്ക് അനുകൂലമായാല്‍ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് കര്‍മസമിതിയുടെ തീരുമാനം. സമരവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ 10 ആളുടെ പേരിലും പിന്നീട് 150 ആളുടെ പേരിലും കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സംരക്ഷണത്തിലാണ് നിലവില്‍ പ്രവൃത്തി പുരോഗമിക്കുന്നത്.
ഹര്‍ജി പരിഗണിക്കുന്നത് നീളുംതോറും ടോള്‍ഗേറ്റ് നിര്‍മിക്കാനുള്ള സമയം നിര്‍മാണകമ്പനിക്ക് അധികം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെ നിര്‍മാണ പ്രവൃത്തി നടത്തില്ലെന്നായിരുന്നു നിര്‍മാണ കമ്പനി ആദ്യം അറിയിച്ചത്. കര്‍മസമിതിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ ടോള്‍ഗേറ്റിന്റെ നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു.
ടോള്‍ ഗേറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിലവില്‍ കര്‍ണാടക പരിധിയില്‍ ടോള്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് 60 കി.മീ മാറി പെരിയ ചാലിങ്കാലില്‍ ടോള്‍ ഗേറ്റ് നിര്‍മിച്ചുവരികയാണ്. ഇതുകൂടാതെയാണ് ഇവയ്ക്കിടയില്‍ ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മിക്കുന്നത്.