ആരിക്കാടി ടോള്‍ ഗേറ്റ്: അനിശ്ചിതകാല സമരത്തിനൊരുങ്ങി കര്‍മസമിതി; ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

Update: 2025-09-16 05:26 GMT

കുമ്പള: ദേശീയപാത 66ല്‍ കുമ്പള ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മിക്കുന്നതിനെതിരെ അനിശ്ചിതകാല സമരത്തിനൊരുങ്ങി കര്‍മ സമിതി. കഴിഞ്ഞ ദിവസം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍മ സമിതി യോഗത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി പരിഗണനയ്ക്ക് വരുമെന്നും അനുകൂല വിധി ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കര്‍മ സമിതി. എന്നാല്‍ തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സെപ്തംബര്‍ 23ലേക്ക് മാറ്റുകയായിരുന്നു. സെപ്തംബര്‍ 9ന് പരിഗണിച്ച കോടതി നിലവിലെ സ്ഥിതി അറിയിക്കാന്‍ ദേശീയപാത അതോറിറ്റി്്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതോറിറ്റി ഇത് സംബന്ധി്ച്ച് സത്യവാങ്മൂലം നല്‍കാത്തതിനാല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നത് 23ലേക്ക് മാറ്റുകയായിരുന്നു. ആരിക്കാടി ടോള്‍ ഗേറ്റ് നിര്‍മാണത്തിനെതിരെ എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി നാസര്‍ ബംബ്രാണ നല്‍കിയ മറ്റൊരു ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.

ഹര്‍ജി പരിഗണിക്കുന്നത് നീളുംതോറും ടോള്‍ഗേറ്റ് നിര്‍മിക്കാനുള്ള സമയം നിര്‍മാണകമ്പനിക്ക് അധികം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെ നിര്‍മാണ പ്രവൃത്തി നടത്തില്ലെന്നായിരുന്നു നിര്‍മാണ കമ്പനി ആദ്യം അറിയിച്ചത്. കര്‍മസമിതിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ ടോള്‍ഗേറ്റിന്റെ നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു.

ടോള്‍ ഗേറ്റ് നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കര്‍മസമിതി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും നാട്ടുകാരും. ടോള്‍ ഗേറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിലവില്‍ കര്‍ണാടക പരിധിയില്‍ ടോള്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് 60 കി.മീ മാറി പെരിയ ചാലിങ്കാലില്‍ ടോള്‍ ഗേറ്റ് നിര്‍മിച്ചുവരികയാണ്. ഇതുകൂടാതെയാണ് ഇവയ്ക്കിടയില്‍ ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മിക്കുന്നത്.

Similar News