കുമ്പളയില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം; ഒരാള്‍ അറസ്റ്റില്‍; 10 വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
ഉപ്പള ഗേറ്റിന് സമീപത്തെ ഇസ് മായില്‍ റിയാസിനെയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്;
കുമ്പള: ഒരു ഇടവേളക്ക് ശേഷം കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പത്ത് വിദ്യാര്‍ത്ഥികളെ പൊലീസ് തിരയുന്നു. ഉപ്പള ഗേറ്റിന് സമീപത്തെ ഇസ് മായില്‍ റിയാസിനെ(20)യാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്. നിസാരകാര്യത്തെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കഴിഞ്ഞദിവസം കുമ്പള മാര്‍ക്കറ്റ് റോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്.
വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്നാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. സംഘട്ടനത്തിലേര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പത്തോളം വിദ്യാര്‍ത്ഥികളെ കണ്ടെത്തിയ ശേഷം ഇവര്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് പറഞ്ഞു.
കുമ്പളയില്‍ ഇടക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുന്നത് നിത്യ സംഭവമായിരുന്നു. അടുത്തിടെ പൊലീസിന്റെ ശക്തമായ നടപടിയെ തുടര്‍ന്ന് അയവ് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും തുടരുകയാണ്. സംഘട്ടനത്തിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.