ജനറല്‍ ആസ്പത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം; ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കും

Update: 2025-09-23 08:00 GMT

കാസര്‍കോട്: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍  24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം പുനരാരംഭിക്കാന്‍ ധാരണയായതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഫോറന്‍സിക് സര്‍ജന്റെ അഭാവം പ്രവര്‍ത്തനത്തെ ഏറെ ബാധിച്ചിരുന്നു. നിലവില്‍ അവധിയില്‍ പോയ ഫോറന്‍സിക് സര്‍ജന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും രണ്ട് ഫോറന്‍സിക് സര്‍ജന്റെ സേവനം ഒക്ടോബര്‍ 1 മുതല്‍ ലഭ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ധാരണയായെന്നും എം.എല്‍.എ പറഞ്ഞു. അതേ സമയം നിയമനടപടികള്‍ക്ക് സഹായം നല്‍കാനുള്ള ബാധ്യത കൂടി ഫോറന്‍സിക് സര്‍ജനുള്ളതുകൊണ്ടു തന്നെ ഏതെങ്കിലും ഘട്ടത്തില്‍ ഫോറന്‍സിക് സര്‍ജനെ ലഭ്യമാകാത്ത സാഹചര്യമുണ്ടാകാമെന്നും അതുകൊണ്ട് മൂന്നാമതൊരു ഫോറന്‍സിക് സര്‍ജനെ കൂടി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയതായി എന്‍.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഫോറന്‍സിക് സര്‍ജന്‍ ഇല്ലെങ്കില്‍ ജില്ലയിലെ ഉയര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യമെങ്കിലും ഉറപ്പാക്കാന്‍ ആവശ്യപ്പെടും. ഇതര ജില്ലകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് സ്ഥിതി ഏറെ സങ്കീര്‍ണമാക്കുന്നുണ്ട്. ഇത് ഒഴിവാക്കി പകരം കാസര്‍കോട് ജില്ലയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം മാത്രം പോസറ്റുമോര്‍ട്ടത്തിന് വിധേയമാക്കും. അതേസമയം ഇതരജില്ലകളില്‍ നിന്നുള്ളവര്‍ കാസര്‍കോട് ജില്ലയില്‍വെച്ച് മരണപ്പെടുകയാണെങ്കില്‍ പോസ്റ്റുമോര്‍ട്ടം ജനറല്‍ ആസ്പത്രിയില്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം സൗകര്യം ഏര്‍പ്പെടുത്തിയ ആദ്യ ജനറല്‍ ആശുപത്രിയാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി. ആകെയുണ്ടായിരുന്ന രണ്ട് ഫോറന്‍സിക് സര്‍ജന്‍മാരില്‍ അസിസ്റ്റന്റ് സര്‍ജന്‍ രണ്ട് മാസം മുമ്പ് സ്ഥലം മാറിപ്പോയതോടെ പോസ്റ്റുമോര്‍ട്ടം അനിശ്ചിതത്വത്തിലാവുകയായിരുന്നു. വിവിധ സാഹചര്യങ്ങളില്‍ പോസ്റ്റുമോര്‍ട്ടം വൈകാനിടയായത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഫോറന്‍സിക് സര്‍ജന്‍ നിയമനം നടത്താതെ മെല്ലെപ്പോക്ക് തുടരുകയാണെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ തീരുമാനം.

പുതിയ മോര്‍ച്ചറി മൂന്ന് മാസത്തിനകം

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പുതിയ മോര്‍ച്ചറി കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. 1.20 കോടി രൂപ ചെലവഴിച്ചാണ് പുതിയ മോര്‍ച്ചറി നിര്‍മിക്കുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുന്ന മോര്‍ച്ചറിക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. പുതിയ മോര്‍ച്ചറി മൂന്ന് മാസത്തിനകം പൂര്‍ത്തിയാകുമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.

Similar News