കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തിയ 150 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും പിടികൂടി

2 പേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു;

Update: 2025-08-18 04:32 GMT

ഹൊസങ്കടി: കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വര്‍ണവും പണവും കടത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഞ്ചേശ്വരം എക് സൈസ് പിടികൂടിയത് 150 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും. ശനിയാഴ്ച വൈകിട്ട് കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ രേഖകളില്ലാതെ കൊണ്ടുവന്ന 55 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നാലുലക്ഷം രൂപയും പിടികൂടി. സംഭവത്തില്‍ കോഴിക്കോട് കാകോടി സ്വദേശി ഫാസിലിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസിലെ യാത്രക്കാരനില്‍ നിന്നും 94 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. സംഭവത്തില്‍ ബസ് യാത്രക്കാരനായ മുംബൈ തവക്കല്‍ സ്വദേശി മുജാസര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. പിടികൂടിയ പണം മഞ്ചേശ്വരം പൊലീസിനും സ്വര്‍ണ്ണാഭരണങ്ങള്‍ ജി.എസ്.ടി. വകുപ്പിനും കൈമാറി.

കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കുഴല്‍പ്പണവും സ്വര്‍ണ്ണാഭരണങ്ങളും കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം വാഹന പരിശോധന കര്‍ശനമാക്കിയത്. സ്വര്‍ണ്ണക്കടത്തിനും പണം കടത്തിനും മാഫിയ സംഘത്തിന് വേണ്ടി ഒരു സംഘം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്നെത്തുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കര്‍ണാടകയിലെത്തിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് കടത്തുന്നത്. കടത്ത് വര്‍ദ്ധിച്ചതോടെ രാത്രിയും ചെക്ക് പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ജിനു ജെയിംസ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം.വി. ജിജിന്‍, മൊയ്തീന്‍ സാദിഖ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ബാബുരാജ്, സി വിജയന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. രാഹുല്‍, സുനില്‍ കുമാര്‍, സജിത്ത്, എക്സൈസ് കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസര്‍ മഞ്ചുനാഥ ആള്‍വ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബിന്‍ ഫിലിപ്പ്, അബ്ദുല്‍ അസീസ്, എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Similar News