മുളിയാര്‍ എ.ബി.സി കേന്ദ്രം കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡ് സംഘം സന്ദര്‍ശിച്ചു; കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും

ഉദ്ഘാടനം കഴിഞ്ഞ്് മാസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു;

Update: 2025-08-18 11:18 GMT

കാസര്‍കോട്: ജില്ലയില്‍ പെരുകുന്ന തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കാനും തെരുവുനായ ആക്രമണത്തിന് തടയിടാനുമായി മുളിയാറില്‍ സജ്ജീകരിച്ച എ.ബി.സി കേന്ദ്രത്തിന് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡ് സംഘം സന്ദര്‍ശിച്ചു. ലൈവ് സ്‌റ്റോക്ക് പ്രൊഡക്ഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ഗിരിധര്‍, ചീഫ് വെറ്റിറനറി ഓഫീസര്‍ ഡോ.എസ്.രാജു, സര്‍ജറി എക്‌സ്‌പേര്‍ട്ട് ഡോ.അതുല്‍ ഗണേഷ് , സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം സതീഷ് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാല് വരെ തുടര്‍ന്നു. പരിശോധനക്ക് ശേഷം സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറും. തുടര്‍ന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക.

മുളിയാറിലെ എ.ബി.സി കേന്ദ്രത്തിലെ സജ്ജീകരണങ്ങളിലും സൗകര്യങ്ങളിലും സംഘം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചതായും ഒരാഴ്ചക്കുള്ളില്‍ അംഗീകാരം സംബന്ധിച്ച് വിവരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ് കുമാര്‍ പറഞ്ഞു. അംഗീകാരം ലഭിച്ചാല്‍ ആദ്യ പരിഗണനയില്‍ വരുന്ന അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തെരുവുനായകളുടെ വന്ധ്യംകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ, മുളിയാര്‍, ചെങ്കള, മടിക്കൈ, പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയുമാണ് ആദ്യ പരിഗണനയിലുള്ളത്. എ.ബി.സിക്കായി ഈ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വെച്ച് ഫണ്ട് നീക്കിവെച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. അല്ലാത്ത പക്ഷം അടുത്ത തദ്ദേശ സ്ഥാപനത്തെ പരിഗണിക്കുമെന്നും ഡോ.മനോജ് പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ്് മാസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു.രണ്ട് സര്‍ജന്‍, ഒരു അനസ്തേഷ്യസ്റ്റ്, നാല് കേയര്‍ ടേക്കേഴ്സ് , മൂന്ന് പട്ടി പിടുത്തക്കാര്‍ എന്നിവരെ കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ദിവസം 20 നായകളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാനാവും. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസം നായകളെ എ.ബി.സി കേന്ദ്രത്തില്‍ പാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി 100 കൂടുകളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം നായയെ എവിടുന്നാണോ പിടികൂടിയത് അവിടെ തന്നെ തുറന്ന് വിടും.

ഒരു തെരുവുനായയെ വന്ധ്യംകരിക്കാന്‍ 2100 രൂപയാണ് ചിലവ് വരുന്നത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ഫണ്ട് മാറ്റിവെച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരമായിരിക്കും എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് നീക്കിയിരിപ്പ് പ്രകാരം ആകെ 3300 നായകളെ ശസ്ത്രക്രിയ ചെയ്യാനുള്ള നടപടികളാണ് എ.ബി,സി കേന്ദ്രം ആദ്യം ഏറ്റെടുക്കുക. കഴിഞ്ഞ മെയ് 19നാണ് മുളിയാര്‍ എ.ബി.സി കേന്ദ്രം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് 1.56 കോടി രൂപ മുതല്‍മുടക്കിലാണ് മുളിയാറില്‍ എ.ബി.സി കേന്ദ്രം ഒരുക്കിയത്.

Similar News