അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം പൊട്ടിയ സംഭവം: ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകരും പിടിഎയും ഇടപെട്ടു: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Update: 2025-08-18 05:09 GMT

കുണ്ടംകുഴി: കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്റെ മര്‍ദ്ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം പൊട്ടിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം അശോകനെതിരെയാണ് കേസ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സംഭവം അന്വേഷിക്കും. കേസില്‍ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തും. അതിനിടെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ബേഡകം പൊലീസില്‍ ഇന്ന് പരാതി നല്‍കിയേക്കും. വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതിന് പിന്നാലെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ സ്‌കൂളിലെ മറ്റ് അധ്യാപകര്‍ ഇടപെട്ടതായും ആരോപണമുണ്ട്. പി.ടി.എയും കെ.എസ്.ടി.എ ഭാരവാഹികളും വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളോട് പ്രശ്‌നം ഒതുക്കിതീര്‍ക്കാനുള്ള ഇടപെടല്‍ നടത്തിയതായാണ് ആരോപണം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഇന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. അസംബ്ലിക്കിടെ കാല്‍ കൊണ്ട് ചരല്‍ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. സ്‌കൂള്‍ അസംബ്ലിയില്‍ തന്നെ വിദ്യാര്‍ത്ഥിയെ വിളിച്ച് മുഖത്തടിക്കുകയായിരുന്നുവെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതേ സ്‌കൂളിലാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരിയും പഠിക്കുന്നത്. മര്‍ദ്ദിക്കുന്നത് കണ്ട സഹോദരിക്ക് മാനസിക പ്രയാസമുണ്ടാകുകയും തല കറക്കവും ചര്‍ദ്ദിയും ഉണ്ടായതായും സ്‌കൂളിലേക്കെത്താന്‍ അധ്യാപകര്‍ വിളിച്ചതായും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് മറ്റ് വിദ്യാര്‍ത്ഥികളാണ് അസംബ്ലിക്കിടെയുണ്ടായ സംഭവം അറിയിക്കുന്നത്.പ്രശ്‌നമൊന്നും ഇല്ലെന്നും കുട്ടി ഒതുങ്ങി നില്‍ക്കാത്തതിനാലാണ് അടിച്ചതെന്നുമായിരുന്നു അധ്യാപകന്റെ വിശദീകരണം.

Similar News