സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ സേവനം; 'സ്ത്രീ' ക്യാമ്പയിന് ജില്ലയില്‍ തുടക്കം
കാസര്‍കോട്: ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദഗ്ദ്ധ മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് വ്യാപകമായ ബോധവത്കരണം നടത്തുക എന്നിവ ലക്ഷ്യമിട്ടുള്ള 'സ്ത്രീ' (Strengthening Her to Empower Everyone) ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ജില്ലയിലെ 247 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക 'സ്ത്രീ' ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദ്ദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയുള്‍പ്പെടെ 10 തരം പരിശോധനകളും കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളും, ഗര്‍ഭകാല പരിചരണവും, മുലയൂട്ടല്‍, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പരിചരണവും ഇവിടെ ലഭ്യമാണ്. ക്യാമ്പയിന്റെ ഭാഗമായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അയല്‍ക്കൂട്ടങ്ങളില്‍ സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ ക്യാമ്പുകളില്‍ പൊതുവായ ശാരീരിക പരിശോധന, ടി.ബി. സ്‌ക്രീനിങ്, ബി.എം.ഐ, രക്തസമ്മര്‍ദ്ദം, ഹീമോഗ്ലോബിന്‍ പരിശോധന, സ്തനാര്‍ബുദം, ഓറല്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സ്‌ക്രീനിങ് എന്നിവ നടത്തും.
കൂടാതെ, തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദഗ്ദ്ധ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനായി ആഴ്ചയിലൊരിക്കല്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഡെന്റല്‍, ഫിസിയാട്രി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരിലൂടെ സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സെപ്റ്റംബര്‍ 16 മുതല്‍ 2026 മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി രാഘവന്‍ അധ്യക്ഷനായി. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.ബി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജേന്ദ്രന്‍ പയ്യാടക്കത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ടി എ രാജ്മോഹന്‍, HWC നോഡല്‍ ഓഫീസര്‍ ഡോ ധന്യ ദയാനന്ദ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി പി ഹസീബ്, ജില്ലാ എം സി എച്ച് ഓഫീസര്‍ പി ഉഷ, ഡി പി എച്ച് എന്‍ എം ശാന്ത, നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത് സി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ കെ കെ ഷാന്റി സ്വാഗതവും ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന വിളംബര-ബോധവത്കരണ ഘോഷയാത്രയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ അണിനിരന്നു.