വാര്‍ഡ് വിഭജനത്തില്‍ ഭിന്നിപ്പ് സ്വരവുമായി മുന്നണികള്‍

പരാതി നല്‍കാന്‍ യു.ഡി.എഫ്

Update: 2024-11-21 10:56 GMT

കരട് വാര്‍ഡ് വിഭജന പട്ടികയില്‍ കാസര്‍കോട് നഗരസഭ

ജില്ലയില്‍ പുതിയ രാഷ്ട്രീയ കലഹം സൃഷ്ടിച്ച് വാര്‍ഡ് വിഭജന കരട് പട്ടിക പുറത്തിറങ്ങി. വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡുകള്‍ ഇല്ലാതായി. ചിലയിടങ്ങളില്‍ വാര്‍ഡുകളുടെ എണ്ണം കൂടി. മറ്റിടങ്ങളില്‍ പേരുകളില്‍ മാറ്റം വന്നു. 38 ഗ്രാമ പഞ്ചായത്തുകളിലായി 61 ഉം മൂന്ന് നഗരസഭകളിലായി ഏഴും വാര്‍ഡുകള്‍ കൂടി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വാര്‍ഡുവിഭജനം നടത്തിയതെന്നാരോപിച്ച് യു.ഡി.എഫ് രംഗത്തുണ്ട്. ബുധനാഴ്ച വിവിധ ഇടങ്ങളില്‍ പ്രാദേശികതലങ്ങളില്‍ യു.ഡി.എഫ് യോഗം ചേര്‍ന്ന് പരാതികളും നിര്‍ദേശങ്ങളും നല്‍കാന്‍ തീരുമാനിച്ചു. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് വാര്‍ഡ് വിഭജനത്തിലൂടെ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായി നീങ്ങുമെന്നും യു.ഡി.എഫ് വൃത്തങ്ങള്‍ വ്യക്തമാക്കി. ചില പഞ്ചായത്തുകളില്‍ അശാസ്ത്രീയമായ വിഭജനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി മുന്നണികള്‍ രംഗത്തെത്തി.

നഗരസഭ വാര്‍ഡ് വിഭജനം; പുതുതായി ആകെ ഏഴ് വാര്‍ഡുകള്‍

മുസ്ലീം ലീഗിന്റെ കോട്ടയായ തളങ്കരയിലെ ജദീദ് റോഡ് വാര്‍ഡ് ഇല്ലാതായതാണ് കാസര്‍കോട് നഗരസഭയില്‍ മുസ്ലീം ലീഗിന് തിരിച്ചടിയായത്. മുസ്ലീം ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭയില്‍ വാര്‍ഡുകള്‍ 38ല്‍ നിന്ന് 39 ആയി. കോട്ടക്കണ്ണി പുതിയ വാര്‍ഡായി മാറി. വിദ്യാനഗര്‍ വാര്‍ഡ് വിഭജിച്ച് വിദ്യാനഗര്‍ നോര്‍ത്തും വിദ്യാനഗര്‍ സൗത്തും നിലവില്‍ വന്നു. ബി.ജെ.പിക്ക് ഇത് അനുകൂലമാകുമെന്നാണ് വിലയിരുത്തുന്നത്. പുതിയ വാര്‍ഡ് വിഭജന കരട് പട്ടികയില്‍ അപാകതകളുണ്ടെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.

നീലേശ്വരം നഗരസഭയില്‍ 32 വാര്‍ഡ് 34 ആയി. 32ല്‍ ഏഴ് വാര്‍ഡുകള്‍ ഒഴിച്ച് ബാക്കിയുള്ളവയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചു. ജനസംഖ്യാ അടിസ്ഥാനത്തിലാണ് വാര്‍ഡുകള്‍ വിഭജിച്ചത്. വാര്‍ഡ് വിഭജനം യു.ഡി.എഫിനും എല്‍.ഡി.എഫും അനുകൂലമാകുമെന്നാണ് കണക്കുകൂട്ടല്‍.കാഞ്ഞങ്ങാട് നഗരസഭയില്‍ പുതുതായി നാല് വാര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടു. 10,11 വാര്‍ഡുകള്‍ മാറി. 8 വാര്‍ഡുകള്‍ക്ക് മാറ്റമില്ല. എന്നാല്‍ ഈ 8 വാര്‍ഡുകളുടെ അതിര്‍ത്തിയും പേരും മാറുന്നുണ്ട്. ദേശീയപാതയോട് ചേര്‍ന്നുള്ള വാര്‍ഡുകള്‍ നേരത്തെ ഇരുവശത്തും ഉണ്ടായ ഭൂരിഭാഗം വാര്‍ഡുകളും ഒരു വശത്തേക്ക് മാത്രമാക്കി വിഭജിച്ചു. നേരത്തെ ഉണ്ടായിരുന്ന തോയമ്മല്‍ , ആറങ്ങാടി , മാതോത്ത് , ഭൂതാനം കോളനി, ഉപ്പിലിക്കൈ ഹൈസ്‌കൂള്‍ മധുരംകൈ, പട്ടാക്കല്‍ എന്നീ വാര്‍ഡുകളുടെ പേര് മാറ്റി.

ഗ്രാമപഞ്ചായത്തുകളില്‍ പുതിയ വാര്‍ഡുകള്‍; പേരുകള്‍ മാറി

പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പെരൂര്‍, പെരിയോക്കി എന്നീ പുതിയ വാര്‍ഡുകള്‍ നിലവില്‍ വന്നു. കൊടവലം, അമ്പലത്തറ വാര്‍ഡുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പെരൂര്‍ വാര്‍ഡും കായക്കുളം, ചാലിങ്കാല്‍ വാര്‍ഡുകള്‍ വിഭജിച്ച് പെരിയോക്കി വാര്‍ഡും രൂപീകരിച്ചു. പള്ളിക്കര പഞ്ചായത്തില്‍ 22ല്‍ നിന്ന് 24 വാര്‍ഡുകളായി ഉയരും. അരവത്ത്, കരിച്ചേരി എന്നീ രണ്ട് വാര്‍ഡുകളാണ് പുതുതായി ഉള്‍പ്പെട്ടത്. ബദിയടുക്ക പഞ്ചായത്തില്‍ 19 ല്‍ നിന്ന് 21 വാര്‍ഡുകളായി. പുത്തിഗെ പഞ്ചായത്തില്‍ 14ല്‍ നിന്ന് 16 ആയി. എന്‍മകജെ പഞ്ചായത്തില്‍ 17 ഉണ്ടായിരുന്നത് 18 ഉം കുംബഡാജെ പഞ്ചായത്തില്‍ 13 ല്‍ നിന്ന് 14 ആയും വാര്‍ഡുകള്‍ കൂടി. വെസ്റ്റ് എളേരിയില്‍ പുതിയ വാര്‍ഡായി ചീര്‍ക്കയം രൂപീകരിക്കപ്പെട്ടു. ബളാല്‍ പഞ്ചായത്തില്‍ കരുവെള്ളടുക്കം എന്ന പുതിയ വാര്‍ഡ് കൂടി വന്നതോടെ 16ല്‍ നിന്ന് വാര്‍ഡുകള്‍ 17 ആയി. എടത്തോട്, കനകപ്പള്ളി വാര്‍ഡുകളാണ് വിഭജിച്ചത്. ഈസ്റ്റ് എളേരിയില്‍ രണ്ട് വാര്‍ഡുകള്‍ കൂടി ഉള്‍പ്പെട്ടു. ചിറ്റാരിക്കാല്‍ സൗത്ത്, അരിമ്പ എന്നിവയാണ് പുതിയ വാര്‍ഡുകള്‍. അഞ്ച് വാര്‍ഡുകളുടെ പേരുകള്‍ മാറി. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ 18ാം വാര്‍ഡായ വയലോടിയുടെ പേര് മാറ്റി മധുരങ്കൈ ആയി. പത്താം വാര്‍ഡായ താലിച്ചാലം, ഇളമ്പച്ചിയായി. പടന്നയില്‍ 15ല്‍ നിന്ന് വാര്‍ഡുകളുടെ എണ്ണം 16 ആയി. പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ 16ല്‍ നിന്ന് 18 ആയി. ചെറുവത്തൂരില്‍ പുതിയ വാര്‍ഡായി പയ്യങ്കി കൂടി വന്നതോടെ 17ല്‍ നിന്ന് 18 ആയി. കയ്യൂര്‍ ചീമേനി പഞ്ചായത്തിലും 17ല്‍ നിന്ന് 18 ആയി. ചെങ്കള ഗ്രാമ പഞ്ചായത്തില്‍ 16ാം വാര്‍ഡായ പുലിക്കുണ്ട് ഒഴിവാക്കി പകരം കുണ്ടടുക്കം ഉള്‍പ്പെടുത്തി. പിലാങ്കട്ട വാര്‍ഡ് നെക്രാജെ ആയി. എടനീര്‍ , ചെര്‍ക്കള ടൗണ്‍, ചെര്‍ക്കള സൗത്ത് വിഭജിച്ച് മൂന്ന് വാര്‍ഡുകളാക്കും. നായന്‍മാര്‍മൂല വിഭജിച്ച് പടിഞ്ഞാര്‍മൂല, നായന്‍മാര്‍മൂല എന്നിങ്ങനെ രണ്ട് വാര്‍ഡുകളാക്കാനും കരട് പട്ടികയില്‍ നിര്‍ദേശമുണ്ട്. മുളിയാര്‍ പഞ്ചായത്തില്‍ 15 വാര്‍ഡുകളില്‍ നിന്ന് 18 ആയി വര്‍ധിച്ചു. ബെഞ്ച്കോര്‍ട്ട് , ആലൂര്‍, മസ്തിക്കുണ്ട് എന്നീ പുതിയ വാര്‍ഡുകളാണ് മുളിയാര്‍ പഞ്ചായത്തില്‍ നിലവില്‍ വന്നത്. കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ പടിയത്തടുക്ക വാര്‍ഡ് പുതുതായി വന്നതോടെ 15ല്‍ നിന്ന് 16 വാര്‍ഡുകളായി.

വാര്‍ഡ് വിഭജനത്തിന്റെ കരട് പട്ടികയില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിലിമിറ്റേഷന്‍ കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഡിസംബര്‍ മൂന്നിന് മുമ്പ് പരാതി നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Similar News