കാസര്‍കോട്: ദേശീയപാത തലപ്പാടി-ചെങ്കള റീച്ചില്‍ വിദ്യാനഗറിലെ അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. വിദ്യാനഗര്‍-സീതാംഗോളി റോഡ് ജംഗ്ഷന്‍ കൂടിയായ ഇവിടെ ദീര്‍ഘനാളായി ഗതാഗതക്കുരുക്കിലായിരുന്നു. സീതാംഗോളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും കാസര്‍കോട് നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഏറെ സമയം എടുത്താണ് കടന്നുപോയ്‌ക്കൊണ്ടിരുന്നത്. വിദ്യാനഗര്‍ ബസ് സ്‌റ്റോപ്പും ഇവിടെത്തന്നെ ആയതിനാല്‍ തിരക്ക് വര്‍ധിച്ചു. 24 മീറ്റര്‍ വീതിയും അഞ്ചര മീറ്റര്‍ ഉയരവുമുള്ള അടിപ്പാത ടാറിംഗും പൂര്‍ത്തിയാക്കിയാണ് തുറന്നുകൊടുത്തത്. വലിയ വാഹനങ്ങള്‍ക്കും ഇതിലൂടെ കടന്നുപോകാം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കഴിഞ്ഞാല്‍ വലിയ അടിപ്പാത വിദ്യാനഗറിലേതാണ്. നായന്‍മാര്‍മൂല മുതല്‍ വിദ്യാനഗര്‍ വരെയുള്ള ദൂരത്തില്‍ മൂന്ന് അടിപ്പാതകളാണ് പണിതിട്ടുള്ളത്. അടിപ്പാതയ്ക്ക് മുകളിലുള്ള ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണ്.