ചരിത്ര മുഹൂര്‍ത്തങ്ങള്‍ നാടിന് പരിചയപ്പെടുത്താൻ 'തെരുവത്ത് മെമ്മോയിര്‍സ് ' ഒരുങ്ങുന്നു: സന്ദര്‍ശിച്ച് ഗവാസ്‌കര്‍

By :  Sub Editor
Update: 2025-03-01 09:35 GMT

കാസര്‍കോട്: ലോകമാകെ സൗഹൃദമുള്ള കാസര്‍കോട് സ്വദേശിയുടെ അമൂല്യമായ സൂക്ഷിപ്പുകളുമായി കാസര്‍കോട്ട് ഒരു അപൂര്‍വ്വ കേന്ദ്രം ഒരുങ്ങുന്നു. തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഖാദര്‍ തെരുവത്തിന്റെ ശേഖരത്തിലുള്ള അപൂര്‍വ്വം സമ്മാനങ്ങളാണ് കാസര്‍കോട് വിദ്യാനഗറില്‍ കലക്ടറേറ്റിന് സമീപത്തുള്ള ഖാദര്‍ തെരുവത്തിന്റെ വീടായ തെരുവത്ത് ഹെറിറ്റേജിനോട് ചേര്‍ന്ന് ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തരായിട്ടുള്ള ഭരണാധികാരികളും ക്രിക്കറ്റ്-ടെന്നീസ് താരങ്ങളും സിനിമാ താരങ്ങളും വ്യവസായികളുമടക്കം മുന്‍ നിരയിലുള്ള പലരുമായി ഖാദര്‍ തെരുവത്തിന് വലിയ ആത്മബന്ധമാണുള്ളത്. ഇവരൊക്കെയുമായി ഒരിക്കലും ഇഴപിരിഞ്ഞുപോവാത്ത സൗഹൃദമാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള അപൂര്‍വ്വ നിമിഷങ്ങളും പലരും കൈമാറിയ അപൂര്‍വ്വ സമ്മാനങ്ങളുമടക്കം വിലപിടിപ്പുള്ള ഒരുപാട് വസ്തുക്കള്‍ ഖാദര്‍ തെരുവത്തിന്റെ ബംഗളൂരുവിലെ വീടായ മന്നത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോക പ്രശസ്ത ക്രിക്കറ്റര്‍മാര്‍ കൈമാറിയ ബാറ്റും പന്തും അടക്കമുള്ള കായിക ഉപകരണങ്ങളും കൂട്ടത്തിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റ് അപൂര്‍വ്വ വസ്തുക്കളും മന്നത്തില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. ഇവയെല്ലാം വിദ്യാനഗറിലെ വീടിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന 'തെരുവത്ത് മെമ്മോയിര്‍സി'ലേക്ക് മാറ്റും. ഖാദര്‍ തെരുവത്തിന്റെ ക്ഷണം സ്വീകരിച്ച് കാസര്‍കോട് നഗരസഭയുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ കഴിഞ്ഞയാഴ്ച കാസര്‍കോട്ട് എത്തിയ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 'തെരുവത്ത് മെമ്മോയിര്‍സ്' സന്ദര്‍ശിച്ചു. ഇവിടെ സൂക്ഷിക്കാനായി തന്റെ കയ്യൊപ്പോടുകൂടിയ ടീ ഷര്‍ട്ട് അടങ്ങിയ ലോഗോ പ്രകാശനവും ലിറ്റില്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഏറെനേരം അവിടെ ചെലവഴിച്ച ശേഷമാണ് ഗവാസ്‌കര്‍ മടങ്ങിയത്.


Similar News