തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: പൈ വൈസ്രോയി സൈകോം സി.സി ആന്ധ്രപ്രദേശും പ്രതിഭാ സി.സി കൊല്ലവും ഫൈനലില്‍; കിരീട പോരാട്ടം ഉച്ചയ്ക്ക്
പ്രതിഭയുടെ രഞ്ജു കോഷി 3, വിജയ് വിശ്വനാഥ് 3, വിനോദ് കുമാര്‍ 2, ആല്‍ബിന്‍ 2 വിക്കറ്റുകള്‍ വീതം നേടി.;
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ശനിയാഴ്ച രാവിലെ നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ പൈ വൈസ്രോയി സൈകോം സി.സി ആന്ധ്രപ്രദേശിന് ജയം.
3 വിക്കറ്റിന് സിറ്റി സെന്‍ട്രല്‍ ലീഗ് (സി.സി.എല്‍) ചെന്നൈയെ ആണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത സി.സി.എല്‍ 195 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. വിജയ് കുമാര്‍ 54, അതീഖ് റഹ്‌മാന്‍ 43, രാജ് കുമാര്‍ 28 റണ്‍സും സൈകോമിന്റെ കുമാര്‍ 4, ക്ലെമന്റ് രാജ് മോഹന്‍ 3, ചെന്നു സിദ്ധാര്‍ത്ഥ് 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ സൈകോം 17.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുഷാര്‍ സിംഗ് 46, മഹീപ് കുമാര്‍ 34, വംസി 20 റണ്‍സുകള്‍ വീതം നേടി. സൈകോമിന്റെ കുമാറാണ് കളിയിലെ താരം. ജയത്തോടെ സൈകോം ഫൈനലില്‍ കടന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ പ്രതിഭാ സി.സി കൊല്ലം ബി.കെ 55 തലശ്ശേരിയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. ആദ്യം ബാറ്റുചെയ്ത ബി.കെ 55, 15.1 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി. 21 റണ്‍സെടുത്ത ധീരജ് പ്രേം ആണ് ടീമിന്റെ ടോപ് സ്‌കോറര്‍.
പ്രതിഭയുടെ രഞ്ജു കോഷി 3, വിജയ് വിശ്വനാഥ് 3, വിനോദ് കുമാര്‍ 2, ആല്‍ബിന്‍ 2 വിക്കറ്റുകള്‍ വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പ്രതിഭ 11.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സച്ചിന്‍ പി.എസ് 50 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രതിഭയുടെ ആല്‍ബിനാണ് കളിയിലെ താരം. ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ പോരാട്ടം ഞായറാഴ്ച ഉച്ചയ്ക്ക് നടക്കും.