പുലി കുടുങ്ങിയിട്ടും കൊളത്തൂരില്‍ ആശങ്ക ഒഴിയുന്നില്ല; ഇനിയും പുലികളുണ്ടെന്ന് നാട്ടുകാര്‍

By :  Sub Editor
Update: 2025-02-25 09:21 GMT

കാസര്‍കോട്: ഒരു പുലി കുടുങ്ങിയെങ്കിലും കൊളത്തൂര്‍ ഗ്രാമത്തിന് പൂര്‍ണ്ണമായും ആശ്വസിക്കാന്‍ കഴിയുന്നില്ല. പ്രദേശത്ത് ഇനിയും പുലികളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാല് പുലികളെങ്കിലും പ്രദേശത്തുള്ളതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലി ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് മടന്തക്കോട്ടെ ഗുഹയില്‍ നിന്ന് ചാടി രക്ഷപ്പെട്ട പുലിയല്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. രക്ഷപ്പെട്ട പുലി ഇപ്പോഴും കൊളത്തൂരിലെ ഏതെങ്കിലും ഭാഗത്തുണ്ടാകാമെന്ന സംശയം നാട്ടുകാര്‍ക്കുണ്ട്. ഈ പുലിയെ പിന്നീട് വിളക്കുമാടം ഭാഗത്ത് കണ്ടതായി പരിസരവാസികള്‍ വെളിപ്പെടുത്തിയിരുന്നു. പുലി കുഞ്ഞുങ്ങളെ കണ്ടവരുമുണ്ട്. അതുകൊണ്ട് ഒരു പുലി മാത്രം കൂട്ടിലകപ്പെട്ടതുകൊണ്ട് കൂടുതല്‍ ആശ്വസിക്കാനാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു പുലിയെയെങ്കിലും കൂട്ടിലാക്കാന്‍ സാധിച്ചുവെന്നതില്‍ വനംവകുപ്പിന് അല്‍പ്പം അഭിമാനിക്കാം. ഇനിയും പുലികളുണ്ടെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിന് ദൗത്യം തുടരേണ്ടിവരും. കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുകളും ക്യാമറകളും സ്ഥാപിച്ച് പുലികളെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ സ്ഥാപിച്ച ക്യാമറയില്‍ രണ്ട് പുലികളുടെ ചിത്രം പതിഞ്ഞിരുന്നു.

പുലിയെ തുറന്നുവിട്ടത് ജനവാസ മേഖലയില്‍?

മുള്ളേരിയ: കൊളത്തൂരില്‍ നിന്നും പിടികൂടിയ പുലിയെ ബെള്ളൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ബെള്ളൂര്‍ പഞ്ചായത്തിലെ ജാംബ്രി ഗുഹയ്ക്ക് സമീപത്തെ കര്‍ണാടക വനത്തിലേക്കാണ് പുലിയെ കൂട്ടില്‍ നിന്നും തുറന്നുവിട്ടത്. ഈ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുലി ജനവാസ മേഖലയിലേക്ക് ഇറങ്ങുമെന്ന ആശങ്ക ശക്തിപ്പെടുകയാണ്. വനംവകുപ്പ് അധികൃതരുടെ ഇത്തരമൊരു നടപടിയില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീധരയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി എന്നിവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉപരോധത്തില്‍ പങ്കെടുത്തു.



ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഡി.എഫ്.ഒയെ ഉപരോധിച്ചപ്പോള്‍

 


Similar News