പ്രവാസിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് ഹൈക്കോടതി
കാസര്‍കോട്: പാണളം സ്വദേശിയായ അബ്ദുല്‍ മജീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ നസീമയും മകന്‍ ഹസ്സന്‍ ഖിളര്‍ഷായും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ജില്ല പൊലീസ് മേധാവി അന്വേഷിക്കണമെന്ന് നിര്‍ദ്ദേശം. 2023 നവംബര്‍ ഒന്നിന് രാവിലെ 11 മണിയോടെ കാസര്‍കോട് ചന്ദ്രഗിരി പുഴക്ക് സമീപത്ത റിസോര്‍ട്ടിന്റെ കരയില്‍ നിന്ന് 25 അടി അകലെയാണ് പുഴയില്‍ മജീദിന്റെ മൃതദേഹം കണ്ടെത്തിയത്. കരയില്‍ നിന്ന് ഏറെ അകലെയല്ലാതെ കിടന്നിരുന്ന അബ്ദുല്‍ മജീദിന്റെ മൊബൈല്‍ ഫോണ്‍, പേഴ്‌സ്, പാന്റ്‌സ്, ചെരിപ്പ്, ആധാര്‍ കാര്‍ഡ് എന്നിവ കണ്ടെത്തിയിരുന്നു. ഹമീദ് എന്ന സുഹൃത്താണ് മജീദിനെ കൂട്ടികൊണ്ടുപോയത്. പിന്നീട് ഏതാനും സുഹൃത്തുക്കള്‍ ഒപ്പംകൂടി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കഴുത്തിന് പിന്നിലായി രക്തം കട്ട പിടിച്ചത് കണ്ടെത്തിയിരുന്നു. വഞ്ചിയുടെ പങ്കായത്തിന്റെ ഒരു ഭാഗം പൊട്ടിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളത്തിലിറങ്ങാന്‍ ഭയമുള്ള ആളാണ് മജീദെന്നും പാന്റ്‌സിന്റെ ഒരു ഭാഗം മാത്രമേ നനഞ്ഞിരുന്നുള്ളൂവെന്നും ഭാര്യ പറഞ്ഞു. പൊലീസ് വിശദമായ അന്വേഷണം നടത്തിയില്ലെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കാണിച്ചാണ് ഭാര്യയും മകനും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പരാതിയിന്മേല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അഡ്വ. പി.ടി. ഷിജീഷ്, പ്രവാസി ലീഗല്‍ സര്‍വീസ് ചെയര്‍മാന്‍ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയെ സമീപ്പിച്ചത്.