അപാകതകള്‍ പരിഹരിച്ചു; വിദ്യാനഗറിലെ നീന്തല്‍ക്കുളം തുറന്നു
വിദ്യാനഗറിലെ നീന്തല്‍ക്കുളം ഇന്ന് രാവിലെ തുറന്ന് നല്‍കിയപ്പോള്‍
വിദ്യാനഗര്‍: ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അപാകതകള്‍ പരിഹരിച്ച് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ നീന്തല്‍ക്കുളം തുറന്നു. ഇന്ന് രാവിലെ തൊട്ടാണ് നീന്തല്‍ക്കുളം തുറന്ന് നല്‍കിയത്. നിര്‍മ്മാണത്തിലെ അപാകതകളെ തുടര്‍ന്ന് അറ്റകുറ്റപ്പണിയുടെ പേരില്‍ നീന്തല്‍ക്കുളം മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിരോധവകുപ്പിന് കീഴിലെ പൊതുമേഖല നവരത്ന സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) പൊതു നന്മാ നിധിയില്‍ നിന്ന് ഒന്നരക്കോടി രൂപ ചെലവിലാണ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തായി നീന്തല്‍ക്കുളം നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകതയെത്തുടര്‍ന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പെ നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കായിക താരങ്ങള്‍ക്കും വളരെ പ്രതീക്ഷയേകിയാണ് ആധുനിക സൗകര്യങ്ങളോടെ സെമി ഒളിമ്പിക് നീന്തല്‍ക്കുളം ഒരുക്കിയത്. പക്ഷെ നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നും അധികൃതരുടെ അനാസ്ഥയും കാരണം പ്രവര്‍ത്തനം നിലക്കുകയായിരുന്നു. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു ഇതിന്റെ നിര്‍മ്മാണച്ചുമതല. മലപ്പുറത്തെ സ്വകാര്യ കമ്പനിക്ക് ഉപകാരാര്‍ നല്‍കിയായിരുന്നു പ്രവൃത്തി പൂര്‍ത്തിയാക്കിയത്. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ വിവിധ അപാകതകള്‍ കണ്ടെത്തി. ഷോക്കേല്‍ക്കുന്നതടക്കം പതിവായതോടെ അറ്റകുറ്റപണിയുടെ പേരില്‍ നീന്തല്‍ക്കുളം അടച്ചിടുകയായിരുന്നു. താല്‍ക്കാലികമായി അടച്ചിടുന്നുവെന്നായിരുന്നു അറിയിപ്പെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടിയുണ്ടായില്ല. നീന്തല്‍ക്കുളം ഒരു വര്‍ഷത്തില്‍ കൂടുതലായി അടച്ചിട്ടത് സംബന്ധിച്ച് ഉത്തരദേശം നിരന്തരം വാര്‍ത്ത നല്‍കിയിരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും കാസര്‍കോട് നഗരസഭയുമായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്നത്. ജില്ലാ അക്വാട്ടിക് അസോസിയേഷനായിരുന്നു പരിപാലന ചുമതല. വ്യാപക പരാതികളെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നു. കുളത്തിന്റെ അപാകത പരിഹരിച്ചശേഷം അധികൃതര്‍ നടത്തിയ പരിശോധന കഴിഞ്ഞാണ് നീന്തല്‍ക്കുളം വീണ്ടും തുറന്നത്. നിര്‍മ്മാണത്തിലെ മുഴുവന്‍ അപാകതയും പരിഹരിച്ചതായി നിര്‍മ്മിതികേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്‌മോഹനന്‍ അറിയിച്ചു. മുന്‍ ദേശീയ നീന്തല്‍താരവും നാഷണല്‍ ഗെയിംസിന്റെ ടെക്നിക്കല്‍ ഒഫീഷ്യലുമായ നിതിന്‍ തീര്‍ഥങ്കരയാണ് ഒരുവര്‍ഷത്തേക്ക് 4,65,000 രൂപ നല്‍കി നടത്തിപ്പ് കരാറെടുത്തത്. നഗരസഭക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനുമാണ് ഈ തുക ലഭിക്കുക. കുളത്തിന്റെ പരിപാലനച്ചുമതല പൂര്‍ണമായും കരാറുകാരനാണ്. ദിവസവും രാവിലെ 6 മുതല്‍ 10 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 10 വരെയും ഇവിടെ നീന്തുന്നതിന് സൗകര്യമുണ്ടാകുമെന്ന് നിതിന്‍ പറഞ്ഞു. ഇന്ന് രാവിലെ മൂന്നുപേരാണ് നീന്താനെത്തിയത്. നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെടുന്നതായി നിതിന്‍ പറഞ്ഞു. ശാസ്ത്രീയ രീതിയില്‍ നീന്തല്‍ പഠിപ്പിക്കുന്നതിന് 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കിഴിവുനല്‍കും. നീന്തല്‍ക്കുളം ഒരുമണിക്കൂര്‍ ഉപയോഗിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ്. നിതിന്റെ ഫോണ്‍ നമ്പര്‍: 7559066719.