കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് സിഗ്‌നല്‍ നന്നാക്കാന്‍ നടപടി
കാസര്‍കോട്: മാസങ്ങളായി തകരാറിലായ കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് സിഗ്‌നല്‍ നന്നാക്കാന്‍ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എം.ജി റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും തളങ്കര ഭാഗത്തേക്കും ബാങ്ക് റോഡിലേക്കും പള്ളം റോഡിലേക്കും പോവുന്ന പ്രധാനപ്പെട്ട ജംഗ്ഷനാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ട്രാഫിക്ക് പൊലീസ് ട്രാഫിക്ക് പോയിന്റ് സ്ഥാപിച്ചത്. വാഹനത്തിരക്ക് വര്‍ധിച്ചതോടെ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ കെല്‍ട്രോണിന്റെ സഹായത്തോടെ ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിക്കുകയായിരുന്നു. ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ വളരെ എളുപ്പമായിരുന്നു. ഏതാനും മാസങ്ങളായി സിഗ്‌നല്‍ സംവിധാനം തകരാറിലായിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് നഗരസഭ നടപടി തുടങ്ങിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം കെല്‍ട്രോണിന് 79,000 രൂപ അടച്ചതായി നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ഇടക്കിടെ തകരാറിലാവുന്ന പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്‌നലും നന്നാക്കാനുള്ള നടപടി തുടങ്ങിയതായും ചെയര്‍മാന്‍ പറഞ്ഞു.