ലഹരിക്കടത്തിനെതിരെ പരിശോധന കടുപ്പിച്ച് പൊലീസും എക്‌സൈസും; എം.ഡി.എം.എയും കഞ്ചാവും മദ്യവും പിടിച്ചു
കാസര്‍കോട്: ലഹരിക്കടത്തിനെതിരെ നടപടി കടുപ്പിച്ച് കാസര്‍കോട് പൊലീസും എക്‌സൈസും. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ വ്യാപകമായി എം.ഡി.എം.എയും കഞ്ചാവും മദ്യവും പിടിച്ചു. കാസര്‍കോട് എസ്.ഐ എന്‍. അന്‍സാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചൗക്കിയില്‍ നടത്തിയ പരിശോധനയില്‍ 05.13 ഗ്രാം എം.ഡി.എം.എയുമായി അടുക്കത്ത്ബയലിലെ മുഹമ്മദ് സുറൈദി(26)നെ അറസ്റ്റ് ചെയ്തു.
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. അരുണും സംഘവും ഷേണി കുക്കിലയില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 4.32 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഗോളിത്തടുക്കയിലെ ഹരീഷ് എന്ന ശശിധര(37)യെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനനും സംഘവും കോയിപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തിയ 13 ലിറ്റര്‍ ബിയറുമായി കഞ്ചിക്കട്ടയിലെ അരുണ്‍ ശര്‍മ(34)യെ പിടികൂടി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയ്ഞ്ച് ഡി.വൈ.എസ്.പി യതീഷ്ചന്ദ്രയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാര മുക്കുന്നോത്തെ വീട്ടില്‍ വെച്ച് 11.190 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിരുന്നു.