നവരാത്രി ആഘോഷം: ദീപപ്രഭയില്‍ ക്ഷേത്രങ്ങള്‍; തെരുവുകളെ വര്‍ണ്ണാഭമാക്കി പുലിക്കളി
കാസര്‍കോട്: നവരാത്രി ഉത്സവത്തിന് ദീപം തെളിഞ്ഞതോടെ ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്കേറി. വാദ്യമേളത്തിനൊപ്പം ആടിയും നൃത്തംവെച്ചും ചാടിയും പുലിക്കളി ഉള്‍പ്പെടെയുള്ള നവരാത്രി വേഷങ്ങള്‍ തെരുവുകളെ വര്‍ണ്ണാഭമാക്കുകയാണ്. കൂട്ടമായും തനിച്ചും ഇറങ്ങുന്ന വേഷങ്ങള്‍ നാടിന് ആഘോഷ പൊലിമ പകരുകയാണ്. വിവിധ ധാര്‍മിക, കലാ സാംസ്‌കാരിക പരിപാടികളോടെ ഒക്ടോബര്‍ രണ്ടിന് വിജയദശമി ദിനത്തില്‍ സമാപിക്കുന്ന നവരാത്രി ഉത്സവത്തിനാണ് ഭക്തിസാന്ദ്രമായ പരിപാടികളോടെ തുടക്കമായത്. ആദിപരാശക്തിയുടെ വിവിധ ഭാവങ്ങള്‍ ആരാധിച്ച് ഉപാസന നടത്തി ദേവിപ്രീതി തേടാന്‍ ക്ഷേത്രങ്ങളില്‍ നാനാഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ വന്നുതുടങ്ങി. ദേവീ ക്ഷേത്രങ്ങളിലും തറവാട് ക്ഷേത്രങ്ങളിലും ദിവസവും ആയിരങ്ങള്‍ക്ക് പായസം സഹിതമുള്ള പ്രസാദഭോജനം നല്‍കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തറവാട് വീട്ടില്‍ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് നടത്തിയതോടെയാണ് കൊറക്കോട് ആര്യ കാര്‍ത്യായിനി മഹാദേവി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ചത്. ഉച്ചില പത്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ചണ്ഡികാഹോമം, മഹാപൂജ, അന്നദാനം, ഭജന, ദര്‍ശനം തുടങ്ങിയവ നടന്നു. പുലിക്കുന്ന് ജഗദംബ ക്ഷേത്രത്തില്‍ രാവിലെ ഗണപതി ഹോമത്തോടെയാണ് നവരാത്രി ഉത്സവത്തിന് തുടക്കംകുറിച്ചത്. പൂജ, ഭജന, മഹാപൂജ, അന്നദാനം, ദീപാരാധന, ദുര്‍ഗാപൂജ എന്നിവ നടന്നു. ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം, കനകവളപ്പ് ധര്‍മശാസ്താക്ഷേത്രത്തില്‍ രാവിലെ ഗണപതി ഹോമത്തോടെ തുടങ്ങി. നവരാത്രി വിളക്ക് വെക്കല്‍, കലവറ നിറയ്ക്കല്‍, ഭജന എന്നിവ ഉണ്ടായി. ദിവസേനയുള്ള നവരാത്രി സംഗീത ഉത്സവത്തിനു തന്ത്രി ഉളിയ വിഷ്ണു ആസ്രയുടെ കാര്‍മികത്വത്തില്‍ ദീപം തെളിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സമിതി പ്രസിഡണ്ട് ശ്രീധരന്‍ മുണ്ടോള്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരികളായ ഡോ. അനന്ത കാമത്ത്, എ. ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദയശങ്കര്‍ കാഞ്ഞങ്ങാട്, നവനീത് കൃഷ്ണന്‍, രഞ്ജിത് റാം വെള്ളിക്കോത്ത് സംഘത്തിന്റെ സംഗീത കച്ചേരി, ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര, മുണ്ടോള്‍ പന്നിക്കല്‍ പ്രാദേശിക സമിതിയുടെ നൃത്തനിശ തുടങ്ങിയവ ഉണ്ടായി.
അണങ്കൂര്‍ ശാരദാംബ ഭജന മന്ദിരത്തില്‍ രാവിലെ ഗണപതി ഹോമത്തോടെ തുടങ്ങി. ശാരദാംബ മാതൃസമിതിയുടെ ഭജന, മഹാപൂജ, നാട്യാര്‍ച്ചന, ഇച്ചിലമ്പാടി ദര്‍ബാര്‍ക്കട്ട മുണ്ടപ്പള്ള രാജരാജേശ്വരി ക്ഷേത്രത്തില്‍ ദേലംപാടി ഗണേഷ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമം, അഭിഷേകം, ദേവി മാഹാത്മ്യം പാരായണം, ഭജന സങ്കീര്‍ത്തനം, യക്ഷഗാന താള മദ്ദളം, കാര്‍ത്തിക പൂജ, അലങ്കാര പൂജ, മഹാപൂജ, തായത്തൊട്ടി ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ ഗണപതി ഹോമം, സ്വാമി തത്വാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ദേവി മാഹാത്മ്യം പാരായണം, സന്ധ്യാ ദീപം, ഭജന, അലങ്കാര പൂജ, ആദൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, ഭണ്ഡാര ചാവടിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, ദീപാരാധന, ഭജന, മഹാപൂജ, അന്നദാനം, കളനാട് കാളികാദേവി ക്ഷേത്രത്തില്‍ ഗണപതി ഹോമം, സന്ധ്യാ ദീപം, ഭജന തുടങ്ങിയ ചടങ്ങുകളോടെയാണ് തുടക്കം കുറിച്ചത്.