ബേഡകത്ത് പൊലീസുകാരനെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കന്യാകുമാരിയില്‍ പിടിയില്‍
കോട്ടയം സ്വദേശികളും കുറത്തിക്കുണ്ടില്‍ താമസക്കാരുമായ ജിഷ്ണു, സഹോദരന്‍ വിഷ്ണു എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.;
ബേഡകം: കുറത്തിക്കുണ്ടില്‍ പൊലീസുകാരനെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കന്യാകുമാരിയില്‍ പിടിയിലായി. കോട്ടയം സ്വദേശികളും കുറത്തിക്കുണ്ടില്‍ താമസക്കാരുമായ ജിഷ്ണു, സഹോദരന്‍ വിഷ്ണു എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.
ബീമ്പുങ്കാലിലെ സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ ഇരുവരും സംഭവത്തിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ മാസം 19 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുറത്തിക്കുണ്ടിലെ അധ്യാപികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ജിഷ്ണുവും വിഷ്ണുവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതറിഞ്ഞ് ബേഡകം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
ഇതിനിടെ സരീഷിനെ പ്രതികള്‍ കത്തിയെടുത്ത് വെട്ടി. തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാരനെയും വെട്ടി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. വധശ്രമത്തിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്.