നാടിന് നന്മ ചെയ്ത മുന്‍ഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ ഏകാധിപതിയാണെന്ന് കെ സുധാകരന്‍ എംപി

കത്തുന്ന പുരയില്‍ നിന്നും കിട്ടാവുന്നത് ഒക്കെ കൊള്ളനടത്താന്‍ മകളെയും മരുമകനെയും വരെ ഉപയോഗിക്കുന്നു.;

Update: 2025-05-03 16:02 GMT

കാസര്‍കോട്: നാടിന് നന്മ ചെയ്ത മുന്‍ഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ ഏകാധിപതിയാണെന്ന് കെ സുധാകരന്‍ എംപി. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായാല്‍ വ്യാവസായിക വാണിജ്യ രംഗത്ത് ഉണ്ടാകുന്ന കുതിച്ചുകയറ്റം മുന്നില്‍ കണ്ടുകൊണ്ടാണ് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ധീഷണാപരമായ നിലപാടെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കുടില തന്ത്രങ്ങളും എതിര്‍പ്പുകളും അതിജീവിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും പദ്ധതിക്ക് തുടക്കം കുറിക്കുവാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. പദ്ധതി രാജ്യത്തിനായി സമര്‍പ്പിക്കുന്ന ചടങ്ങില്‍ തന്റെ മുന്‍ഗാമികളുടെ ചരിത്ര നിയോഗം മനപ്പൂര്‍വം മറന്നുകൊണ്ടുള്ള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തീര്‍ത്തും അപഹാസ്യമാണെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

മുന്‍ഗാമികള്‍ നാടിന് വേണ്ടി ചെയ്ത ത്യാഗപൂര്‍ണമായ സംഭാവനകള്‍ മറക്കുകയെന്നത് ഒരു ഏകാധിപതിയുടെ തികഞ്ഞ ലക്ഷണമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനതയ്ക്കാകമാനം അസന്തുഷ്ടിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാര്‍ഡ് വിതരണ ഉദ് ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം തവണയും കേരളത്തില്‍ അധികാരത്തില്‍ വന്ന പിണറായി ഗവണ്‍മെന്റ് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തിരുന്നു. കത്തുന്ന പുരയില്‍ നിന്നും കിട്ടാവുന്നത് ഒക്കെ കൊള്ളനടത്താന്‍ മകളെയും മരുമകനെയും വരെ ഉപയോഗിക്കുന്നു. കേരളത്തിന് സംഭവിച്ച ഈ ഗതികേടിന് പരിഹാരം കാണാന്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഡ് പ്രസിഡന്റുമാര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ സാധിക്കുമെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ അടിസ്ഥാന ഘടകമായ വാര്‍ഡ് പ്രസിഡന്റുമാര്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്ത് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപി ഗവണ്‍മെന്റിന്റെ വര്‍ഗീയ നിലപാടുകളും സിപിഎം എന്ന വിപത്തിനെയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്താല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം കള്ളകൂട്ടുകെട്ടിനെ തകര്‍ക്കാന്‍ നമുക്ക് സാധിക്കുമെന്നും കെ സുധാകരന്‍ എം പി പറഞ്ഞു.

യോഗത്തില്‍ അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയാവതരണവും നടന്നു.ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷം വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി.

നേതാക്കളായ ഹക്കീം കുന്നില്‍, എ ഗോവിന്ദന്‍ നായര്‍, കെ നീലകണ്ഠന്‍, രമേശന്‍ കരുവാച്ചേരി, അഡ്വ ടി കെ സുധാകരന്‍, കരിമ്പില്‍ കൃഷ്ണന്‍, കെ വി ഗംഗാധരന്‍, ശാന്തമ്മ ഫിലിപ്പ്, എംസി പ്രഭാകരന്‍, പി ജി ദേവ്, സാജിദ് മവ്വല്‍ ,ജയിംസ് പന്തമാക്കല്‍, ബിപി പ്രദീപ് കുമാര്‍, അഡ്വ പി വി സുരേഷ്, ടോമി പ്ലാച്ചേരി, വി ആര്‍ വിദ്യാസാഗര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സോമശേഖര ഷേണി, ഗീത കൃഷ്ണന്‍, ഹരീഷ് പി നായര്‍, ധന്യ സുരേഷ്, മധുസൂദനന്‍ ബാലൂര്‍, ഉമേശന്‍ വേളൂര്‍, കെവി വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ജോയ് ജോസഫ്, കെ. വി ഭക്തവത്സലന്‍, ടി ഗോപിനാഥന്‍ നായര്‍, എം. രാജീവന്‍ നമ്പ്യാര്‍, വി ഗോപകുമാര്‍, ഡി എം കെ മുഹമ്മദ്, മിനി ചന്ദ്രന്‍, കാര്‍ത്തികേയന്‍ പെരിയ, ദിവാകരന്‍ കരിച്ചേരി, ബഷീര്‍ ആറങ്ങാടി, എ വാസുദേവന്‍, പി രാമചന്ദ്രന്‍, കെ ഉദ്ദേശ് കുമാര്‍, കെ കെ ബാബു, ഷിബിന്‍ ഉപ്പിലികൈ ,എന്നിവര്‍ സംസാരിച്ചു.

Similar News