ജില്ലയില്‍ കടല്‍ ഭിത്തികളുടെ തകര്‍ച്ച പൂര്‍ണ്ണം; തീരദേശ മേഖല ആശങ്കയില്‍

By :  Sub Editor
Update: 2025-07-15 10:19 GMT

രൂക്ഷമായ കടല്‍ക്ഷോഭം നേരിടുന്ന തൃക്കണ്ണാട് കടപ്പുറം

കാസര്‍കോട്: കടലേറ്റവും ട്രോളിംഗ് നിരോധനവും കൊണ്ട് വറുതിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൂനിന്മേല്‍ കുരു പോലെ ശക്തമായി തുടരുന്ന കടല്‍ക്ഷോഭം മേഖലയില്‍ തീരവും വീടും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ജില്ലയില്‍ തൃക്കണ്ണാട് കടപ്പുറത്ത് രൂക്ഷമായ കടല്‍ക്ഷോഭമാണ് നേരിടുന്നത്. ക്രമം തെറ്റി വന്ന കാലാവസ്ഥയില്‍ മെയ് മാസം അവസാനത്തില്‍ പെരുമഴയും കടല്‍ക്ഷോഭവും മൂലം തീരദേശം നിശ്ചലമായിരുന്നു. പിന്നീടങ്ങോട്ട് കാലവര്‍ഷം ശക്തി പ്രാപിച്ചപ്പോള്‍ ഏറ്റവും അധികം ദുരിതം നേരിട്ടതും തീരെ മേഖലയിലാണ്. ജില്ലയില്‍ മഞ്ചേശ്വരം മുതല്‍ വലിയപറമ്പ് വരെയുള്ള 87.65 കിലോമീറ്റര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടങ്ങളില്‍ അവശേഷിച്ച പത്ത് കിലോമീറ്റര്‍ കടല്‍ ഭിത്തികളെല്ലാം കടലടുത്ത് കഴിഞ്ഞു. ഒരു പതിറ്റാണ്ടുകാലം പിടിച്ചുനിന്ന കടല്‍ഭിത്തികള്‍ പോലും ഈ പ്രാവശ്യത്തെ കടല്‍ക്ഷോഭത്തെ തടുത്തുനിര്‍ത്താനായില്ല. ശാസ്ത്രീയമായും അസാസ്ത്രീയമായും നിര്‍മ്മിച്ച കടല്‍ഭിത്തികളെല്ലാം ഇപ്പോള്‍ കടലെടുത്തുകൊണ്ടിരിക്കുന്നു. ചെറുതും വലുതുമായ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കടല്‍ഭിത്തിയും തീര സംരക്ഷണത്തിന് ഉതകുന്നില്ല. ഇപ്പോള്‍ പെയ്യുന്ന പെരുമഴയിലെ കടല്‍ക്ഷോഭം മൂലം തീരം ഇതിനകം തന്നെ വിവിധ സ്ഥലങ്ങളിലായി 50 മുതല്‍ 300 മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉള്‍ക്കടവില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തീരദേശവാസികളെ കുറച്ചൊന്നുമല്ല ഭയാശങ്കയിലാക്കുന്നത്. മഞ്ചേശ്വരം കണ്വതീര്‍ഥ, ഉപ്പള ബേരിക്ക, കണ്ണങ്കുളം, മുസോടി, ആരിക്കാടി കടവത്ത്, കുമ്പള കോയിപ്പാടി, പെര്‍വാഡ്, മൊഗ്രാല്‍ നാങ്കി കടപ്പുറം, ഗാന്ധിനഗര്‍, കൊപ്പളം, ചേരങ്കൈ കടപ്പുറം, കീഴൂര്‍ കടപ്പുറം, ചെമ്പരിക്ക, ഉദുമ, കോട്ടിക്കുളം, ബേക്കല്‍, തൃക്കണ്ണാട്, അജാനൂര്‍ തുടങ്ങിയ തീരമേഖലകളിലൊക്കെ അതിരൂക്ഷമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. തൃക്കണ്ണാട്ട് കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലാണ് കടല്‍ക്ഷോഭം. നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഭയാശങ്കയില്‍ കഴിയുകയാണ്.


Similar News