ലീഗുമായുള്ള ചര്‍ച്ച വഴിമുട്ടി; ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം

Update: 2025-10-08 10:39 GMT

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഫോര്‍ട്ട് റോഡ്-ഫിഷ് മാര്‍ക്കറ്റ്, ഹൊന്നമൂല വാര്‍ഡുകളില്‍ ഇത്തവണയും വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. രണ്ട് വാര്‍ഡുകളിലും മുസ്ലിം ലീഗുമായി പിണങ്ങി നില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇതോടെയാണ് രണ്ടിടത്തും മുസ്ലിം ലീഗിനെതിരെ കനത്ത മത്സരമുണ്ടാകുമെന്ന് ഉറപ്പായത്.

2015 മുതലാണ് രണ്ട് വാര്‍ഡുകളിലും മുസ്ലിം ലീഗിനെ വെള്ളം കുടിപ്പിച്ച് എതിര്‍സ്ഥാനാര്‍ത്ഥികളുടെ രംഗപ്രവേശമുണ്ടായത്. രണ്ടിടത്തും മുസ്ലിം ലീഗ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെടുകയായിരുന്നു.

ഇതേതുടര്‍ന്ന് പിണങ്ങി നില്‍ക്കുന്നവരെ രമ്യതയില്‍ കൊണ്ടുവന്ന് പാര്‍ട്ടിയോടടുപ്പിക്കാന്‍വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് ശ്രമം ആരംഭിച്ചു. എന്നാല്‍ പിണങ്ങി നില്‍ക്കുന്നവര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ഇതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

ഫോര്‍ട്ട് റോഡ് വാര്‍ഡ് ജനറല്‍ സീറ്റാണെങ്കില്‍ മുന്‍ നഗരസഭാംഗം റാഷിദ് പൂരണത്തെയും വനിതാ സംവരണമാണെങ്കില്‍ നിലവിലെ കൗണ്‍സിലര്‍ ഹസീനാ നൗഷാദ് കരിപ്പൊടിയെയും മത്സരിപ്പിക്കാന്‍ അടുത്തിടെ ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ബാനറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആസിഫ് എവറസ്റ്റ് ചെയര്‍മാനും നൗഷാദ് കരിപ്പൊടി ജനറല്‍ കണ്‍വീനറുമായുള്ള സാംസ്‌കാരിക കേന്ദ്രമാണിത്. മുസ്ലിം ലീഗുമായി പിണങ്ങി നില്‍ക്കുന്നവര്‍ കഴിഞ്ഞ കുറേ കാലമായി ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിവരുന്നത്. അഥവാ വാര്‍ഡ് എസ്.സി-എസ്.ടി സംവരണമാണെങ്കില്‍ അതിന് പറ്റിയ ആളെയും കണ്ടെത്തിയിട്ടുണ്ടെന്നും നൗഷാദ് കരിപ്പൊടി പറഞ്ഞു.

അതേസമയം ഇത്തവണയെങ്കിലും സീറ്റ് തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് മുസ്ലിംലീഗ്. ജാഫര്‍ കമാല്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീരിനെയും പരിഗണിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ നേരത്തെ നിലവിലെ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അടക്കം കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

1995ല്‍ ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ നിന്ന് ഐ.എന്‍.എല്‍ ടിക്കറ്റില്‍ സൈബുന്നിസ വിജയിച്ചിരുന്നുവെങ്കിലും പിന്നീട് മുസ്ലിംലീഗിന് സീറ്റ് നഷ്ടമാവുന്നത് 2015 മുതലാണ്. ലീഗിനെതിരെ മത്സരിച്ച് റാഷിദ് പൂരണം 114 വോട്ടിനാണ് അന്ന് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ (2000ല്‍) ഹസീനാ നൗഷാദ് 2 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മുസ്ലിം ലീഗുമായി സൗഹൃദത്തിന്റെ വക്കിലെത്തിയ ചര്‍ച്ചകള്‍ അന്നും നടത്തിയിരുന്നുവെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാതായതോടെ ലീഗ് വിമതര്‍ ഹസീനയെ സ്ഥാനാര്‍ത്ഥിയാക്കി രംഗത്തുവരികയായിരുന്നു.

ഹൊന്നമൂല ജനറല്‍ വാര്‍ഡായാല്‍ നിലവിലെ കൗണ്‍സിലറുടെ ഭര്‍ത്താവും മുന്‍ കൗണ്‍സിലറുമായ മൊയ്ദീന്‍ കമ്പ്യൂട്ടര്‍ സ്ഥാനാര്‍ത്ഥിയാവും. ഷെരീഫ് വോളിബോളിന്റെ പേരും കേള്‍ക്കുന്നു. മൊയ്ദീന്‍ കമ്പ്യൂട്ടര്‍ തെരുവത്ത് വാര്‍ഡിലേക്ക് മാറുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഹൊന്നമൂലയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന് വ്യക്തമല്ല. തെരുവത്ത് റഹ്മാന്‍ തൊട്ടാന്റെ പേരാണ് കേള്‍ക്കുന്നത്. ഈ മാസം 13ന് ആരംഭിക്കുന്ന സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാവുന്നതോടെ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് ഏകദേശ രൂപം ആവുകയുള്ളൂ.

Similar News