സര്‍വീസ് റോഡിന് മൂന്ന് മീറ്റര്‍ കുഴിയെടുക്കുന്നു; വഴിമുട്ടി വ്യാപാരികളും കാല്‍നട യാത്രക്കാരും
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ദേശീയപാത സര്‍വീസ് റോഡിന് വേണ്ടിയാണ് മൂന്ന് മീറ്റര്‍ കുഴിയെടുക്കുന്നത്
കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റ് ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായുള്ള മേല്‍പാലം പണി ഏതാണ്ട് പൂര്‍ത്തിയായതോടെ സര്‍വീസ് റോഡിനായി 3 മീറ്റര്‍ കുഴിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. നാല് ദിവസം മുമ്പാണ് ഈ പ്രവൃത്തി തുടങ്ങിയത്. ഇതോടെ ഈ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴി മുടങ്ങി. ഇതുവഴി കാല്‍നട യാത്ര പോലും ദുസഹമാണ്. ഈ ഭാഗത്ത് നിരവധി വ്യാപാര കേന്ദ്രങ്ങളും ലോഡ്ജുകളും സൂപ്പര്‍ മാര്‍ക്കറ്റ്, ഐ.ഡി.ബി.ഐ ബാങ്കടക്കം ഓഫീസുകളും പ്രസ്‌ക്ലബ്ബും സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്നു. റോഡ് കുഴിച്ചതോടെ ഷോപ്പിങ് കോംപ്ലക്സ്, സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം പ്രവര്‍ത്തിക്കുന്ന നിരവധി കെട്ടിട സമുച്ചയങ്ങളിലേക്ക് കടന്നുപോകാന്‍ പ്രയാസപ്പെടുകയാണ്. ഈ കെട്ടിടങ്ങള്‍ കസ്റ്റമേഴ്സ് എത്താതെ വിഷമിക്കുകയാണ്. സര്‍വീസ് റോഡ് പൂര്‍ത്തിയായാല്‍ ഫാത്തിമ ആര്‍കേഡിന്റെയും സ്മാര്‍ട്ട് ബസാര്‍ ഷോപ്പിങ് കോംപ്ലക്സിന്റെയും ഗ്രൗണ്ട് ഫ്ളോര്‍ തുറന്നുകൊടുത്താല്‍ പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിലും മറ്റ് സ്ഥപനങ്ങളിലേക്ക് ദേശീയപതയില്‍ നിന്ന് കടക്കാന്‍ വഴിയില്ലാത്ത അവസ്ഥയാണ്. ഐവ സില്‍ക്കിസിനും കല്ലുവളപ്പില്‍ ഹോളിഡേ ഹോട്ടലിനും തൊട്ടടുത്ത് പാര്‍ക്കിംഗ് ഗ്രൗണ്ട് ഉള്ളതിനാല്‍ പ്രതിസന്ധി ഉണ്ടാവില്ല. എന്നാല്‍ താജ് ഹോട്ടലിന്റെ പ്രവര്‍ത്തനം തൃശങ്കുവിലാണ്. അവര്‍ക്ക് പാര്‍ക്കിങ്ങിന് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കാസര്‍കോട് പ്രസ്‌ക്ലബ്, കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയിലേക്കുള്ള റോഡ് അല്‍പം ഉയരം ഉണ്ടാകുമെങ്കിലും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അന്‍സാര്‍ മസ്ജിദിലേക്ക് പ്രവേശിക്കുന്നതിന് നിലവില്‍ റോഡ് ഉണ്ടെങ്കിലും വലിയ കയറ്റത്തിലേക്ക് പോവേണ്ടി വരുമെന്നതാണ് അവസ്ഥ. സര്‍വീസ് റോഡിന്റെ ഭാഗമായി ഓവുചാല്‍ നിര്‍മ്മിക്കേണ്ടിവരുമെന്നത് കൊണ്ട് ഇനിയും കുഴി ഉണ്ടാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. രണ്ടാഴ്ച കൊണ്ട് പണി തീര്‍ക്കുമെന്നാണ് ഊരാളുങ്കല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ പണി നീളുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍.